ന്യൂഡൽഹി : രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പടെ ഇന്ത്യയിലെ നിരവധി പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇപ്പോഴിതാ പ്രമുഖർക്കൊപ്പം രാജ്യത്തെ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെയും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നുവരെയും ചൈന നിരന്തരം നിരീക്ഷിന്നതായിട്ടാണ് ലഭിക്കുന്ന സൂചന.
സാമ്പത്തിക കുറ്റം, ഭീകരവാദം, വാതുവയ്പ്പ്,അഴിമതി, ലഹരികടത്ത് തുടങ്ങിയ കേസുകളിലെ പ്രതികളായ 6000 ഓളം പേരെയാണ് നിരീക്ഷിക്കുന്നത്. ചൈനയ്ക്ക് പ്രത്യേക താത്പര്യമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പെട്ടവരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ ഇന്ത്യക്കെതിരെ എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്താനാവുമോ എന്നറിയാനാണത്രേ ഇത്. സത്യം ഗ്രൂപ്പ് ചെയർമാൻ രാമലിംഗ രാജു, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര, എച്ച് ഡി കുമാരസ്വാമി, മധു കോട എന്നിവർക്കൊപ്പം ഐ പി എൽ വാതുവയ്പ്പ്, സ്വർണക്കടത്ത്, ചന്ദനത്തടി അടക്കമുള്ള വനവിഭവങ്ങളുടെ കടത്ത് എന്നിവയ്ക്ക് ശിക്ഷ അനുഭവിക്കുന്നവരും നിരീക്ഷണത്തിലാണ്. അവയവക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഭീകരവാദത്തിന് പിടിയിലാവരെയും നിരീക്ഷിക്കുന്നുണ്ട്.
ഇതിനൊപ്പം ചില സ്ഥാപങ്ങളും നിരീക്ഷണത്തിന്റെ പരിധിയിലാണെന്നാണ് റിപ്പോർട്ട്. ഐ പി എല്ലിന്റെ കാര്യത്തിലും ചൈനയ്ക്ക് താത്പര്യമുണ്ട്. നേരത്തേ ചൈനീസ് മൊബൈൽ കമ്പനിയായ വിവോ ഐ പി എൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ് റൈറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ഈ കരാർ റദ്ദാക്കുകയായിരുന്നു. ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുളള ഷെങ്ഹ്വ ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നത്. ഇതിനായിആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ എന്നിവയാണ് ഉപയോഗിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments