കൊച്ചി: എംജി റോഡിൽ സ്വന്തം ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കൊച്ചി നഗരസഭ. സെന്റിന് ഒരു കോടിയിൽ അധികം വിലയുള്ള 16 സെന്റ് ഭൂമിയാണ് കൈയേറ്റക്കാർ കയ്യേറിയത്. ഈ സ്ഥലത്ത് മൾട്ടി ലെവൽ പാർക്കിംഗ് ഒരുക്കാൻ തീരുമാനിച്ച നഗരസഭയുടെ പദ്ധതി പാതി വഴിയിലാണ്.
പലതവണയായി കൈയേറ്റം ഒഴിപ്പിക്കുകയും എന്നാൽ നഗരസഭയ്ക്ക് സ്വന്തമായി പദ്ധതികൾ ഒന്നും നടപ്പാക്കാൻ കഴിയാത്തതുമായ ഭൂമിയാണിത്. ഈ പ്രദേശം സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ വഴിയായും പാർക്കിംഗ് സ്ഥലമായും ഇത് ഉപയോഗിച്ചിരുന്നു. ചിലർ ഇവിടെ നിർമാണ പ്രവർത്തനങ്ങളും നടത്തിവരുകയാണ്.
വർഷങ്ങളായി തർക്കത്തിൽപ്പെട്ട ഈ സ്ഥലം കൈയേറ്റക്കാരെ ഒഴിപ്പിച്ചാണ് നഗരസഭ മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ പരിസരത്തുള്ള കടയുടമകൾ കോടതിയിൽ നിന്ന് സ്റ്റേ നേടി. ഭരണത്തിന്റെ അവസാനഘട്ടത്തിലും നടപടികൾ കടുപ്പിക്കുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ വ്യക്തമാക്കി.
Read Also: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രാധാന്യം നല്‍കി കൊച്ചി നഗരസഭയുടെ കര്‍മ്മപദ്ധതി
നഗരസഭയുടെ പിടിപ്പുകേട് കൊണ്ടുമാത്രമാണ് സ്ഥലം ഇത്ര കാലം അന്യധീനപ്പെട്ടതെന്നും കൈയേറ്റക്കാരുടെ സ്റ്റേ ഒഴിവാക്കാൻ പോലും നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആരോപിച്ചു. നഗരസഭാഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം അവസാനിക്കെ മേയറുടെ സന്ദർശനം കൊണ്ട് കാര്യമില്ലന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമപ്രകാരം സ്ഥലമെറ്റെടുക്കാൻ ഇനി നഗരസഭയ്ക്ക് കോടതി കൂടി അനുകൂലമാകണം.
Post Your Comments