തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് വഴി എത്തിച്ച 8,000 മതഗ്രന്ഥങ്ങൾ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജൻസികൾ കണ്ടെത്തി.അതേസമയം ചട്ടങ്ങൾ മറികടന്ന് എത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് എവിടെയൊക്കെയാണെന്നും അറിയുന്നതിനുള്ള അന്വേഷണം തുടങ്ങി.
32 എണ്ണം വീതമുള്ള 250 ബോക്സുകളാണ് എത്തിയത്. ഇതിൽ 1,024 മതഗ്രന്ഥങ്ങളാണ് മന്ത്രി കെ.ടി.ജലീലിനു കൈമാറിയത്. ബാക്കി 6,976 എണ്ണം എവിടെ എന്നാണ് അന്വേഷിക്കുന്നത്. നയതന്ത്ര ചാനൽ വഴി എത്തുന്ന ബാഗേജുകളെക്കുറിച്ചു സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് ചട്ടം. പലപ്പോഴും ഇതു തത്സമയം ചെയ്യാറില്ലെങ്കിലും പിന്നീടു രേഖാമൂലം അറിയിക്കാറുണ്ട്. എന്നാൽ, മാർച്ച് 4 ന് എത്തിയ പാക്കറ്റുകളെക്കുറിച്ച് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസിനു വിവരങ്ങൾ ലഭിച്ചിരുന്നില്ല.
ദുബായിൽനിന്നു കോൺസൽ ജനറലിന്റെ പേരിൽ നയതന്ത്ര ബാഗേജ് വഴിയാണു മതഗ്രന്ഥങ്ങൾ എത്തിയത്. കസ്റ്റംസ് ക്ലിയറൻസിനു ശേഷം ഇവ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിലാണ് കൊണ്ടുപോയത്. അതിൽ 32 ബോക്സുകൾ 3 മാസത്തിനു ശേഷം ജലീലിനു കൈമാറി.
സി–ആപ്റ്റിലെത്തിച്ച 32 പാക്കറ്റുകളിൽ ഒരെണ്ണം പൊട്ടിച്ച് 26 മതഗ്രന്ഥങ്ങൾ അവിടത്തെ ജീവനക്കാർക്കു നൽകിയെന്നും ബാക്കി മലപ്പുറത്തേക്ക് സി–ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോയെന്നുമാണു മന്ത്രി ജലീൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ അറിയിച്ചത്. നേരത്തേ സി–ആപ്റ്റ് ജീവനക്കാരിൽ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു. മലപ്പുറത്തേക്കു കൊണ്ടുപോയവ വിതരണം ചെയ്തിട്ടില്ലെന്നും 2 സ്ഥാപനങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും ജലീൽ ഇഡിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments