കണ്ണൂര്‍/കൊച്ചി: വ്യാജവാര്‍ത്ത നല്‍കിയെന്ന് കാണിച്ച് മലയാള മനോരമയ്‌ക്കെതിരെ മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്. തെറ്റായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും വേണം എന്നാണ് ആവശ്യം. അല്ലാത്ത പക്ഷം, നിയമനടപടി സ്വീകരിക്കും എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.മലയാള മനോരമ പത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, ചീഫ് എഡിറ്റര്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തക, മാനേജിങ് എഡിറ്റര്‍, മലയാള മനോരമ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
ഹൈക്കോടതി അഭിഭാഷകനായ പിയു ശൈലജന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ‘ദുരൂഹ ഇടപാട്: മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ചെത്തി ലോക്കര്‍ തുറന്നു’ എന്നതായിരുന്നു മനോരമ വാര്‍ത്ത. എന്തുകൊണ്ട് ഇതൊരു വ്യാജവാര്‍ത്തയാണ് എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. തന്നേയും കുടുംബത്തേയും അവഹേളിക്കുന്നതിനും മാനഹാനിപ്പെടുത്തുന്നതിനും ആയി കരുതിക്കൂട്ടി നല്‍കിയ ഒരു തെറ്റായ വാര്‍ത്തയാണ് അത് എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് വാര്‍ത്തയ്ക്ക് പിന്നില്‍ എന്നും പികെ ഇന്ദിര ആരോപിക്കുന്നു.ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നു എന്നായിരുന്നു മനോരമ വാര്‍ത്തയിലെ ആരോപണം. എന്നാല്‍ പികെ ഇന്ദിര ക്വാറന്റൈനില്‍ ആയിരുന്നില്ല. കൊവിഡ് ടെസ്റ്റിനുള്ള സാംപിള്‍ നല്‍കിയതിന് ശേഷം ആണ് ഇവര്‍ ബാങ്ക് സന്ദര്‍ശിച്ചത്.
എന്നാല്‍ ടെസ്റ്റിന് സാംപിള്‍ നല്‍കിയാല്‍ ക്വാറന്റൈനില്‍ പോകണം എന്നൊരു മാനദണ്ഡം നിലവിലില്ല. പക്ഷേ മനോരമ ആ വാര്‍ത്ത തിരുത്താന്‍ തയ്യാറായിട്ടില്ല.മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഭര്‍ത്താവിനൊപ്പം കൊവിഡ് ടെസ്റ്റ് നടത്തിയത്. കൊവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിന്നില്ല. ടെസ്റ്റിന്റെ ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ കഴിയണം എന്ന് കൊവിഡ് പ്രോട്ടോകോളില്‍ പറയുന്നില്ല. എന്നിട്ടും അത്തരത്തില്‍ വാര്‍ത്ത കൊടുത്തത് ദുരുദ്ദേശത്തോടെയാണെന്നും പറയുന്നുണ്ട്.
കണ്ണൂരിലെ ബാങ്കില്‍ പോയി ലോക്കര്‍ തുറന്നത് ഒരു സാധാരണ ഇടപാട് മാത്രമായിരുന്നു എന്നും പികെ ഇന്ദിര നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. പേരക്കുട്ടികളുടെ ജന്മദിനത്തിന് സമ്മാനം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ലോക്കര്‍ തുറന്നത് എന്നും വ്യക്തമാക്കുന്നു. ഒരു സാധാരണ ബാങ്ക് ഇടപാടിനെ ദുരൂഹ ഇടപാട് എന്ന് വിശേഷിപ്പിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി വാര്‍ത്ത നല്‍കുകയാണ് മനോരമ ചെയ്തത് എന്നും ഇന്ദിര വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഇത് മനപ്പൂര്‍വ്വം അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും മാനഹാനിപ്പെടുത്തുന്നതിനും ആണെന്നാണ് നോട്ടീസില്‍ പറയുന്നത്.തെറ്റായ വാര്‍ത്ത നല്‍കിയ വിഷയത്തില്‍ മലയാള മനോരമ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ടും മാപ്പുപറഞ്ഞുകൊണ്ടും വാര്‍ത്ത പ്രസിദ്ധീകരിക്കണം എന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച അതേ പ്രാധാന്യത്തില്‍ തന്നെ ഈ വാര്‍ത്തയും നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം എന്നാണ് ആവശ്യം.
മാപ്പ് പറഞ്ഞ് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സിവില്‍ നടപടികള്‍ സ്വീകരിക്കും. അത് കൂടാതെ ക്രിമിനല്‍ നടപടികളും സ്വീകരിക്കും എന്നാണ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്.ഇപി ജയരാജന്റേയും ഇന്ദിരയുടേയും മകനെ കുറിച്ചും വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്. ഈ വിഷയത്തില്‍ മകന്‍ പ്രത്യേകം നിയമനടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
Post Your Comments