KeralaLatest NewsIndia

പാലത്തായി പീഡനക്കേസ്: പോക്‌സോ നിലനില്‍ക്കുന്നതിനുള്ള തുടരന്വേഷണം നടക്കുന്നു : പി ജയരാജൻ

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പോലീസിനെ ന്യായീകരിച്ച്‌ സി.പി.എം നേതാവ് പി.ജയരാജന്‍. ഈ കേസിന്റെ കാര്യത്തില്‍ പോലീസിന്റെ നിലപാടെന്താണെന്ന് ഭാഗിക കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയില്‍ കൊടുത്തിട്ടുള്ള സ്റ്റേറ്റ്‌മെന്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.കേസില്‍ പ്രതിക്കെതിരെ എഫ്‌ഐആറില്‍ ആരോപിക്കപ്പെട്ട ഐപിസി -പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളെ കുറിച്ച്‌ തുടരന്വേഷണം നടത്തി അന്വേഷണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അനുബന്ധ അന്തിമ തീരുമാന റിപ്പോര്‍ട്ട് നല്‍കും എന്നാണ് കോടതി മുന്‍പാകെ പോലീസ് അറിയിച്ചിട്ടുള്ളത്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ പ്രസ്താവന. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

പാലത്തായി കേസിനെ കുറിച്ച് തന്നെ…

പാലത്തായി പീഡനക്കേസിലെ ആർഎസ്എസുകാരനായ പ്രതിയെ സിപിഐഎം രക്ഷപ്പെടുത്തുന്നു എന്ന് പറഞ്ഞുള്ള നികൃഷ്ടമായ പ്രചാരണമാണ് മുസ്ലിം ലീഗും പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്.
യഥാർത്ഥത്തിൽ ഇരയോടൊപ്പമാണ് ഇവിടെയും എവിടെയും സിപിഐഎം നിലകൊണ്ടിട്ടുള്ളത്.

പാലത്തായി കേസിലെ ഇരയോടൊപ്പം അന്നും ഇന്നും നിലകൊള്ളുന്നത് സിപഐഎം മാത്രമാണ്.ഈ കേസിലെ പ്രതിക്ക് തലശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒരുഭാഗത്ത് സംഘപരിവാർ ശക്തികൾ കൊണ്ടുപിടിച്ച് പ്രചാരവേല ആരംഭിച്ചിരിക്കുന്നു.

നിരപരാധിയായ തങ്ങളുടെ ഒരു പ്രവർത്തകനെയാണ് ഈ പീഡനക്കേസിൽ തെറ്റായി പ്രതി ചേർത്തിട്ടുള്ളത്.അത് സിപിഐഎം ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് അവരുടെ ആരോപണം.മറുഭാഗത്ത് ഈ പ്രതിയെ രക്ഷിക്കാൻ വേണ്ടി സിപിഐഎമ്മും ബിജെപിയും രഹസ്യമായി ഗൂഢാലോചന നടത്തുന്നു എന്നതാണ് മുസ്ലിം തീവ്രവാദ സംഘടനകൾ ഉന്നയിക്കുന്ന ആക്ഷേപം.

ഇവിടെ ഈ കേസിന്റെ കാര്യത്തിൽ പോലീസിന്റെ നിലപാടെന്താണെന്ന് ഭാഗിക കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയിൽ കൊടുത്തിട്ടുള്ള സ്റ്റേറ്റ്മെന്റിൽ തന്നെ പറഞ്ഞിട്ടുണ്ട്.കേസിൽ പ്രതിക്കെതിരെ എഫ്‌ഐആറിൽ ആരോപിക്കപ്പെട്ട ഐപിസി -പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് തുടരന്വേഷണം നടത്തി അന്വേഷണം പൂർത്തീകരിക്കുന്ന മുറയ്ക്ക് അനുബന്ധ അന്തിമ തീരുമാന റിപ്പോർട്ട് നൽകും എന്നാണ് കോടതി മുൻപാകെ പോലീസ് അറിയിച്ചിട്ടുള്ളത്.

അപ്പോൾ പോലീസിന്റെ നിലപാട് വ്യക്തമാണ്.പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുന്നതിന് സഹായകരമായിട്ടുള്ള തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്ന മെഡിക്കൽ റിപ്പോർട്ടുണ്ട്.
പീഡിപ്പിക്കപ്പെട്ട അതിജീവിതയുടെ മൊഴികളിൽ കൃത്യമായി ഇതുസംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പഴുത്തുകൂടാതെ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് വേണ്ടി പോലീസ് നിശ്ചയദാർഢ്യത്തോട് കൂടിയുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ ആരാണ് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്? ധൃതിപിടിച്ച് പഴുതുള്ള കുറ്റപത്രം നൽകാനാണ് തീവ്രവാദ സംഘടനകൾ ആവശ്യപ്പെടുന്നത്.അതുപോലെ തന്നെ ഈ അന്വേഷണ നടപടി ധൃതിപിടിച്ചു നടത്തി തങ്ങളുടെ പ്രവർത്തകനെ രക്ഷിക്കണമെന്നാണ് ആർഎസ്എസിന്റെയും നിലപാട്.
ഇതിൽ നിന്ന് വ്യത്യസ്തമാണ്
സിപിഐഎം സ്വീകരിച്ച നിലപാട്.

പോക്സോ വകുപ്പുകളടക്കം ഉൾപ്പെടുത്തിയാണ് എഫ്‌ഐആർ.അത് പ്രകാരം പ്രതിയെ അറസ്റ് ചെയ്തു.ആർഎസ്എസ് വലിയ സംരക്ഷണം ഒരുക്കിയെങ്കിലും ആ വലയം ഭേദിച്ചുകൊണ്ടാണ് പോലീസ് ഈ പ്രതിയെ അറസ്റ് ചെയ്ത് ജയിലിലടച്ചത്.എഫ്‌ഐആറിൽ പ്രതിചേർക്കപ്പെട്ട ആർഎസ്എസ് നേതാവിനെ അറസ്റ് ചെയ്തതിൽ കാലതാമസം ഉണ്ടായി എന്നത് വസ്തുതയാണ്.പക്ഷെ അതുകൊണ്ട് പോലീസിന്റെ ഉദ്ദേശമോ നടപടികളോ തെറ്റാണെന്ന് വരുന്നില്ല.ഇരയ്ക്ക് നീതികിട്ടുന്നതിന് വേണ്ടിയുള്ള പഴുതടച്ച പ്രവർത്തനമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് നടത്തുന്നത്.

നേരത്തെ ലോക്കൽ പോലീസും അതനുസരിച്ചുള്ള നടപടികൾ തന്നെയാണ് കൈക്കൊണ്ടത്.അതുകൊണ്ട് ഒരുഭാഗത്ത് ഹിന്ദുത്വ തീവ്രവാദ ശക്തികളും മറുഭാഗത്തും മുസ്ലിം തീവ്രവാദ ശക്തികളും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.അതെ സമയം പോലീസ് കൃത്യമായ അന്വേഷണം നടത്തി പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് നടത്തുന്നത്.ഇവിടെ ഈ മൂന്ന് നിലപാടുകളിൽ പോലീസ് നിലപാടാണ് ശരി എന്ന് ഉറപ്പിച്ചു പറയാനാകും.

ഇക്കാര്യത്തിൽ പലർക്കും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്.ആ തെറ്റിദ്ധാരണ വസ്തുതകളുടെ അടിസ്ഥാനത്തിൽ തിരുത്താനാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.ഇവിടെ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ആർഎസ്എസും മുസ്ലിം ലീഗ്/പോപ്പുലർ ഫ്രണ്ട് ശക്തികളും ശ്രമിക്കുന്നുണ്ട്. സാമുദായികമായ ചേരിതിരിവുണ്ടാക്കി ജനങ്ങളിൽ സംഘര്ഷമുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്.ഇത് ജനങ്ങൾ തിരിച്ചറിയും.

ഇര ഒരു പ്രത്യേക സമുദായത്തിൽ പെടുന്നു, പ്രതി ഇന്നേ സമുദായത്തിൽപെടുന്നു എന്ന നിലയിലല്ല ഈ കേസിനെ നോക്കിക്കാണേണ്ടത്. ഒരേ സമുദായത്തിൽപെട്ട ഇരകളും പ്രതികളും കേരളത്തിലെ പോക്സോ കേസുകളുടെ ചരിത്രത്തിൽ നിരവധി ഉണ്ടായിട്ടുണ്ട്.അന്നൊന്നും ഇല്ലാത്ത വിധത്തിലുള്ള പ്രചാരണങ്ങൾ ഇപ്പോൾ നടക്കുന്നു.നേരത്തെ കൊട്ടിയൂരിലെ ഒരു വൈദികൻ അതെ സമുദായത്തിലെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടായി.

പോലീസ് കൃത്യമായി അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയത് നാമെല്ലാം കണ്ടതാണ്.മലയാളത്തിലെ പ്രമുഖ നടൻ ഉൾപ്പെട്ട നടിയെ ആക്രമിച്ച കേസിലും പോലീസിനെതിരെ ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ഇരയുടെ പക്ഷം ചേർന്ന് പോലീസ് കൈക്കൊണ്ട ശക്തമായ നിലപാടും നാം കണ്ടതാണ്.

മത തീവ്രവാദികളുടെ ആസൂത്രിതമായ പ്രചാരണം കാരണം ചിലരെല്ലാം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.മുസ്ലിം തീവ്രവാദി സംഘടനകൾ അവരുടെ കുടുംബ ഗ്രൂപ്പുകളിലും മറ്റും സിപിഐഎം വിരുദ്ധ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്.ഇത് നാട് തിരിച്ചറിയുന്നുണ്ട്.ഇതിനെ പ്രതിരോധിക്കാൻ ജാഗ്രതയോട് കൂടിയുള്ള പ്രവർത്തനമാണ് ആവശ്യം.

നേരത്തെ ഇരയുടെ വീട് സിപിഐഎം പ്രവർത്തകന്മാരും നേതാക്കളും സന്ദർശിച്ചിരുന്നു.ഇപ്പോളത്തെ സാഹചര്യത്തിലും ഇരയുടെ വീടും ഇരയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി രൂപീകരിച്ച ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായിട്ടും ഇന്ന് സിപിഐഎം നേതാക്കൾ കൂടിക്കാഴ്ച നടത്തുകയുണ്ടായി.തീർച്ചയായും അവരൊക്കെ ശരിയുടെ നിലപാടിന്റെ കൂടെയാണ്.ഇരയ്ക്ക് നീതികിട്ടാൻ വേണ്ടിയുള്ള ശ്രമത്തിലാണ്.

എല്ലാവരും അതിന് വേണ്ടിയാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷനും ആക്ഷൻ കമ്മറ്റിയും നടപടി കൈക്കൊണ്ടിട്ടുള്ളത്.ഇതിന്റെ കൂടെ നിൽക്കുക എന്നതാണ് എല്ലാ മനുഷ്യ സ്നേഹികളുടെയും ഉത്തരവാദിത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button