അഞ്ജു പാര്‍വതി പ്രഭീഷ്
എഴുതണമോ വേണ്ടയോയെന്ന് പലവട്ടം ശങ്കിച്ചതാണ്. പക്ഷേ തിരക്കഥയ്ക്ക് പിന്നിലെ കുടിലശ്രമങ്ങൾ തിരിച്ചറിയുമ്പോൾ എഴുതാതെ വയ്യ! പാലത്തായി സംഭവത്തിൽ ശരിക്കും ഇപ്പോൾ നീതി ലഭിക്കേണ്ടത് രണ്ട് പേർക്കാണ്. ഇരയ്ക്കും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ആ അദ്ധ്യാപകനും! ഒരുപക്ഷേ ഇരയേക്കാൾ നീതി ലഭിക്കേണ്ടത് പത്മരാജനെന്ന ആ മനുഷ്യനാണെന്ന് അടിവരയിടുന്നു പാലത്തായിയെന്നഅടിമുടി ദുരൂഹത മാത്രമുള്ള ആ കേസ് ഡയറി.
ഒരു കെട്ടിചമച്ച കഥയ്ക്കുപിന്നിലുള്ള ഗൂഢമായ ഉദ്ദേശങ്ങൾ സമൂഹത്തിൽ വർഗ്ഗീയതയും അതു വഴി വൻ കലാപവും ലക്ഷ്യം വച്ചുള്ളതാണ്.സോഷ്യൽ മീഡിയ വഴി കലാപാഹ്വാനങ്ങളും ജീവനോടെ പ്രതിയെ കത്തിക്കണമെന്ന ആവേശവും( കേസിന്റെ തുടക്കത്തിൽ ഒന്നും കാണാത്ത ആവേശം) കാണുമ്പോൾ തിരക്കഥയ്ക്കു പിന്നിലെ ഉദ്ദേശം വ്യക്തം.
തുടക്കത്തിൽ മനസ്സ് ആ കുഞ്ഞിനൊപ്പമായിരുന്നതിനാൽ പത്മരാജനെന്ന അദ്ധ്യാപകനോട് തോന്നിയ ഒരേയൊരു വികാരം വെറുപ്പ് മാത്രമായിരുന്നു.മാർച്ച് 19 നു ഒരു ഓൺലൈൻ പത്രത്തിലാണ് ആദ്യമായി ഈ വാർത്ത വായിക്കുന്നത്. പതിവുപോലെ പോക്സോ കേസുകൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയാ പ്രകമ്പനങ്ങളൊന്നും ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കണ്ടതേയില്ലായെന്നത് അമ്പരപ്പുണ്ടാക്കിയെങ്കിലും ഒരു കൊച്ചു കുഞ്ഞിനെ കരുവാക്കി ഇത്തരമൊരു ആരോപണമുണ്ടാവില്ലായെന്നു തോന്നിയതിനാൽ പത്മരാജനെന്ന പപ്പൻ മാഷ് കുറ്റക്കാരനെന്നു തന്നെ മനസ്സ് വിധിച്ചു.കത്വയിലെ എട്ടുവയസ്സുകാരിക്ക് വേണ്ടി ഈ നാട്ടിലെ ബി.ജെ.പിക്കാരെ വീട്ടിൽ കയറ്റരുതെന്ന് നോട്ടീസ് വരെ ഒട്ടിച്ചവർ എന്ത് കൊണ്ട് സ്വന്തം നാട്ടിലെ കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ ,അതും സംഘപരിവാറുകാരനായ പ്രതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നില്ലായെന്ന് മനസ്സ് ആവർത്തിച്ചുചോദിച്ചുവെങ്കിലും ഏഷ്യാനെറ്റിൽ വന്ന വാർത്തയും പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴിയും കേട്ടപ്പോൾ പത്മരാജൻ തെറ്റുക്കാരനെന്ന് ഉറപ്പിക്കാൻ കാരണം എന്റെ അദ്ധ്യാപകമനസ്സ് കൂടിയാണ്. വിദ്യ പകരേണ്ടവൻ കവർന്നത് ഒരു അനാഥബാല്യത്തിന്റെ ജീവിതമാണെന്ന് ഓർത്തപ്പോൾ പപ്പൻ മാഷ് കൊടിയൊരു അക്ഷരത്തെറ്റാണെന്ന് സ്ഥാപിക്കേണ്ടി വന്നു.
പിന്നീട് അറിഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചികഞ്ഞുനോക്കുമ്പോൾ , ഇന്നലെ കേട്ട ഐ.ജി ശ്രീജിത്തിന്റെ ഓഡിയോ കൂടിയാവുമ്പോൾ മനസ്സിലാവുന്നത് ഏഷ്യാനെറ്റിലെ ആ ദൃക്സാക്ഷി വിവരണം മാത്രമാണ് പപ്പൻ മാഷിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഏക തെളിവ്. ഇവിടെ പത്മരാജനെന്ന വ്യക്തിയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു കഥയ്ക്ക് പ്രസക്തിയുണ്ടാവൂവെന്ന തിരിച്ചറിവിൽ അയാളിലൂടെ ഒരു കലാപത്തിനുള്ള കോപ്പ് കൂട്ടപ്പെടുകയായിരുന്നു. കുട്ടികളെ കഠിനമായി ശിക്ഷിക്കുന്ന പ്രകൃതം പത്മരാജനുള്ളതുകൊണ്ടുതന്നെ കുട്ടികൾക്ക് അയാൾ സ്വീകാര്യനാവില്ലായെന്നറിഞ്ഞുകൊണ്ട് നടത്തിയ ഒരു തിരക്കഥ. ബാപ്പ മരിച്ച കുഞ്ഞിനെ കരുവാക്കി ഒരു കഥ ഇവിടെ മെനയപ്പെടുന്നു. പക്ഷേ വൈദ്യപരിശോധനയിൽ ആ കുഞ്ഞ് ശാരീരികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട് താനും. അങ്ങനെയുള്ള കുട്ടിയെ നോക്കി തെരഞ്ഞെടുത്തവർ അതിനു പിന്നിൽ കണ്ടതും ഗൂഢലക്ഷ്യം. പത്മരാജനാണ് പീഡിപ്പിച്ചതെന്ന് കുഞ്ഞും സഹപാഠിയും വിളിച്ചുപറയുകയും വൈദ്യപരിശോധനയിലത് തെളിയുകയും ചെയ്യുമ്പോൾ തിരക്കഥയുടെ ആദ്യഘട്ടം വിജയിക്കുന്നു.
പക്ഷേ ഏതൊരു പീഡനത്തിനും തെളിവായി ശാസ്ത്രീയപരിശോധന വേണ്ടിവരും.അപ്പോൾ ഇഴകീറി പരിശോധിക്കപ്പെടുന്ന തെളിവുകൾ സുതാര്യമായിരിക്കണം.ഇവിടെ പത്മരാജൻ മാഷിനു തന്റെ നിരപരാധിത്വം ഒരു പരിധി വരെ തെളിയിക്കാൻ കഴിഞ്ഞത് സംഭവദിവസം ,അതായത് ആ ശനിയാഴ്ച അയാൾ സ്കൂളിലല്ലാ,മെഡിക്കൽകോളേജിൽ ഉണ്ടായിരുന്ന എന്ന CCTV തെളിവാണ്.( ഐ.ജി.ശ്രീജിത്തിന്റെ ഓഡിയോയിൽ നിന്നും).
സംഭവം നടന്നത് കണ്ണൂരിലെ പാനൂരിൽ. സ്ഥലം എംഎൽഎ ശക്തയായ മന്ത്രി ശൈലജ ടീച്ചർ. കേരളം ഭരിക്കുന്നത് എൽഡിഎഫ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്. എന്നിട്ടും പ്രതിയെ പിടിക്കാൻ ഒരു മാസത്തോളം വൈകിയ കേരളാപോലീസ്. പിടിച്ചശേഷമോ പോക്സോ കേസിനു വേണ്ട തെളിവ് ഹാജരാക്കാനും കഴിയുന്നില്ല.ഒരു സംഘപരിവാറുകാരനായ പ്രതിയെ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് ആഭ്യന്തരവകുപ്പ് എന്തിന് തയ്യാറാകണം? എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, സംഘപരിവാറിനെ ആക്രമിച്ച് വശം കെടുത്താനുള്ള എല്ലാ ചേരുവകളും രസക്കൂട്ടുകളും ഒന്നാംതരമായി ഉണ്ടായിട്ടും പ്രമുഖ പുരോഗമനവാദ-സ്ത്രീപക്ഷ-കമ്മ്യുണിസ്റ്റ് പ്രൊഫൈലുകളിലൊന്നും സംഘവിരുദ്ധ പോസ്റ്റുകൾ നാട്ടികണ്ടതേയില്ലയെന്നത് ഈ കേസിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ട ആദ്യമേ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിർജീവത തന്നെ ഇടതുപക്ഷജിഹ്വകളിൽ കാണപ്പെടുന്നുണ്ട്. ആ നിശബ്ദതയ്ക്കു പിന്നിൽ രണ്ട് കാരണങ്ങൾ ഉണ്ടാവാം.SDPI ഈ പ്രശ്നം ഏറ്റെടുത്തുകഴിഞ്ഞു. കൂടെ ലീഗിലെ ചിലരുമുണ്ട്. സംഭവം വർഗ്ഗീയതലത്തിൽ എത്തിക്കഴിഞ്ഞാൽ ഒരു കലാപസാധ്യതയുണ്ട്. അപ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാം.
ഇപ്പോൾ ഈ കേസിനു പിന്നിലെ സത്യം മറ നീക്കി പുറത്തുവരേണ്ടത് ഈ പൊതുസമൂഹത്തിന്റെ ആവശ്യമാണ്. പത്മരാജനും ഒരു മനുഷൃനാണ്.അയാൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ. അയാൾ നിരപരാധിയാണെങ്കിൽ ഇതിനോടകം തന്നെ ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ട വേദനയും നോവും അപമാനവും അയാൾ അനുഭവിച്ചു കാണണം. ചെയ്യാത്ത തെറ്റിനു പഴി കേൾക്കേണ്ടി വരുന്നതുപോലെ ഏറ്റവും വേദനാജനകമായ ഒരു സംഭവം വേറെയില്ല. ആ കുഞ്ഞിനെയും പപ്പൻമാഷിനെയും ദൃക്സാക്ഷിയായ കുട്ടിയെയും ഇരയുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണം. ആരാണ് ഈ തിരക്കഥക്ക് പിന്നിൽ എന്നറിയണമെങ്കിൽ അതേയുള്ളൂ വഴി.സത്യം തെളിയാൻ ഈ കേസ് സിബിഐക്ക് വിടണം. നാളെ രാഷ്ട്രീയപകപോക്കലിൽ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാൻ കഴിയും. അങ്ങനെ കഴിയാതെ വേണമെങ്കിൽ ഈ തിരക്കഥയ്ക്ക് പിന്നിലുള്ളവരെ ഒന്നൊന്നായി കണ്ടുപിടിച്ചേ തീരൂ! ഇനിയൊരു പപ്പൻ മാഷിനും ഇങ്ങനെയൊരു ദുർവ്വിധിയുണ്ടാവരുത്.Justice delayed is justice denied” is not just a legal maxim.അത് കേവലം ഒരു ആപ്തവാക്യമല്ല മറിച്ച് പത്മരാജൻ മാഷിനും ആ കുഞ്ഞുമോൾക്കും സ്വന്തം ജീവിതം തന്നെയാണ് .
NB: പണ്ട് ബിനുവെന്ന നിരപരാധിക്ക് സംഭവിച്ചത് വീണ്ടും പപ്പൻ മാഷിലൂടെ ആവർത്തിക്കപ്പെടരുത്. പപ്പൻ മാഷല്ലാ പ്രതിയെങ്കിൽ ആ യഥാർത്ഥ പീഡോഫീൽ രക്ഷപ്പെടരുത്.ആ കുഞ്ഞിനെ ഉപദ്രവിച്ചവനെ കണ്ടെത്തണം. അല്ലെങ്കിൽ, ഈ പുകമറ മാറില്ല.രാഷ്ട്രീയ-മതവൈരങ്ങൾ തീർക്കപ്പെടേണ്ടത് ജീവിതങ്ങളെയും ബാല്യങ്ങളെയും കരുവാക്കിയല്ലാ!
Post Your Comments