തിരുവനന്തപുരം : നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ദിവസവും പുറത്തുവരുന്നത് വമ്പന്‍മാരുടെ പേരുവിവരങ്ങള്‍. സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത ബന്ധമുള്ള വനിതയുമായുള്ള അടുപ്പം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നു. ഇവരുടെ സഹായത്തോടെ സ്വപ്ന തലസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം വനിതയുടെ സഹായത്തോടെ വിവിധ മേഖലകളില്‍ നിക്ഷേപിച്ചോ എന്ന കാര്യമാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്.
ഇരുവരും ഒന്നിച്ചു സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. സ്വപ്നയുടേയും സരിത്തിന്റെയും ഫോണില്‍നിന്നും ഇവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ചില ദിവസങ്ങളില്‍ പത്തിലധികം തവണ ഇവരെ വിളിച്ചു. രണ്ടു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോളുകളാണു മിക്കതും. സ്വപ്ന ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫോണില്‍നിന്നും ഇവരെ ബന്ധപ്പെട്ടു.
സ്വപ്ന ഒളിവില്‍ പോകുന്നതിനു മുന്‍പ് കുടുംബ സുഹൃത്തിന്റെ ഫോണില്‍നിന്ന് ഇവരെ വിളിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. വര്‍ക്കലയില്‍വച്ചും കര്‍ണാകയിലേക്കു പോകുന്ന വഴിയിലും ഇവരുമായി ഫോണില്‍ സംസാരിച്ചു. ബെംഗളൂരുവിലേക്ക് സ്വപ്ന പോയത്് ഇവരുടെ സഹായ വാഗ്ദാനം കൊണ്ടാണെന്ന നിഗമനത്തിലാണ് ഏജന്‍സികള്‍.
കോണ്‍സുലേറ്റ് ഓഫിസിലും പലതവണ സ്വപ്നയെ കാണാന്‍ ഇവര്‍ വന്നിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്ലാറ്റിലും നിത്യസന്ദര്‍ശകയായിരുന്നു. കോണ്‍സുലേറ്റ് ഓഫിസ് മറ്റൊരു വാടക കെട്ടിടത്തിലേക്കു മാറ്റാന്‍ സ്വപ്നയും സരിത്തും വനിതയുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയതായും ഇതിനായി വലിയ കമ്മിഷന്‍ വാഗ്ദാനം ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
Post Your Comments