ഹൈദരാബാദ്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പന്ത്രണ്ടാം പിറന്നാളിന് വ്യത്യസ്ഥ ആഘോഷവുമായി കുടുംബം. ചിന്മയെന്ന ഏഴാം ക്ലാസുകാരന്റെ പിറന്നാളാണ് കുടുംബം കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ആഘോഷിച്ചത്. നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ ബംഗാള്‍ കടുവയെ ദത്തെടുത്താണ് ചിന്മയുടെ പിറന്നാള്‍ ആഘോഷം. പിറന്നാളിന് ലഭിച്ച പണം ഉപയോഗിച്ചാണ് മൂന്ന് മാസത്തേക്ക് കടുവയെ ദത്തെടുത്തത്. പിതാവ് സിദ്ധാര്‍ത്ഥ് കാന്തിലാല്‍ ഷായ്ക്കൊപ്പം മൃഗശാലയിലെത്തിയ ചിന്മയ് 25,000 രൂപയുടെ ചെക്ക് അധികൃതര്‍ക്ക് നല്‍കി ഔദ്യോഗികമായി കടുവയെ ദത്തെടുത്തു. ചിന്മയ്ക്കൊപ്പം അഞ്ച് കുട്ടികള്‍കൂടി മൃഗശാലയിലെ പക്ഷികളേയും ചെറു മൃഗങ്ങളേയും ദത്തെടുത്തു. ഓരോ കുട്ടിയും 5000 രൂപ വീതം നല്‍കിയായിരുന്നു ദത്തെടുക്കല്‍. ഭൂമിയിലെ മറ്റ് ജീവികളോടുള്ള കുട്ടികളുടെ കരുതലിന് മൃഗശാല അധികൃതര്‍ നന്ദി പറഞ്ഞു. കൂടുതല്‍ പേര്‍ മൃഗങ്ങളെ ദത്തെടുക്കാന്‍ മുന്നോട്ടു വരണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Also read:നടി മഞ്ജു വാര്യർക്ക് പിറന്നാള്‍ സമ്മാനവുമായി ആരാധകര്‍ ; മാഷപ്പ് വീഡിയോ കാണാം
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറ് കോടിയുടെ നഷ്ടമാണ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിനുണ്ടായത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ പാര്‍ക്ക് അടഞ്ഞു കിടക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ മൃഗശാലയിലെ ജീവികളെ നിശ്ചിത കാലത്തേക്ക് ദത്തെടുക്കാന്‍ സെലിബ്രിറ്റികളേയും വ്യവസായികളേയും ക്ഷണിച്ചിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ ജുലൈയില്‍ തെലുങ്ക് നടന്‍ രാം ചരണിന്റെ ഭാര്യ ഉപാസന അക്കിനേനി പാര്‍ക്കില്‍ നിന്ന് ഒരു ആനയെ ഒരു വര്‍ഷത്തേക്ക് ദത്തെടുത്തിരുന്നു. 1716 മൃഗങ്ങളും പക്ഷികളും മറ്റ് ജീവികളുമാണ് 300 ഏക്കറുള്ള പാര്‍ക്കിലുള്ളത്. ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ പാര്‍ക്കില്‍ പ്രതിവര്‍ഷം മുപ്പത് ലക്ഷം സന്ദര്‍ശകരാണ് എത്തിക്കൊണ്ടിരുന്നത്.
Post Your Comments