തിരുവനന്തപുരം: പ്രതിപക്ഷ യുവജനസംഘടനകളുടെ കനത്ത പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. വളാഞ്ചേരിയിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതുമുതല്‍ യാത്രയിലുടനീളം ശക്തമായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടിവന്നത്. ഇന്നു മന്ത്രി കെ ടി ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നാണ് സൂചന.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ജലീലിന്റെ രാജി ആവശ്യപ്പെടുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ശേഷം രണ്ടുദിവസം മലപ്പുറം വളാഞ്ചേരിയിലെ വീട്ടിലായിരുന്ന മന്ത്രി ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിയത്.
ഔദ്യോഗിക വസതിക്ക് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത സാഹചര്യത്തില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.
തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ മന്ത്രിക്കുനേരെ കരിങ്കൊടി വീശി. കൊല്ലം പാരിപ്പള്ളിയില്‍ പ്രതിഷേധക്കാര്‍ കാര്‍ കുറുകെയിട്ട് മന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു. ആറ്റിങ്ങള്‍, മംഗലപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലെല്ലാം മന്ത്രിക്കുനേരെ പ്രതിപക്ഷ സംഘടനകള്‍ കരിങ്കൊടി കാണിച്ചു.
കൊല്ലം, ആലപ്പുഴ ജില്ലകളിലൂടെ യാത്രചെയ്യുന്നതിനിടെയും സമാനമായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടിവന്നത്. രാത്രി വൈകി മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തുമ്പോഴും വസതിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നു. യുവമോർച്ച പ്രതിഷേധം സമാനതകളില്ലാത്ത തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നത്.
യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കി. എന്നാല്‍, തൊട്ടുപിന്നാലെ മറ്റൊരുസംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി. മന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലുവാതുക്കള്‍ സ്വദേശികളായ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
അഭിജിത്ത്, വൈഷണവ്, വിപിന്‍, എളിപുറം സ്വദേശി പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. അപകടപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.ഒടുവില്‍ ഔദ്യോഗിക വസതിക്ക് മുന്നിലെത്തിയ മന്ത്രിയെ പ്രതിഷേധങ്ങള്‍ക്കിടയിലൂടെ തന്നെയാണ് പൊലീസ് ഉള്ളിലേക്ക് കടത്തിയത്.
Post Your Comments