അബുദാബി: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു എ ഇ. ബഹ്റിന്റെ നടപടിയെ അഭിനന്ദിച്ച് യു എ ഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴിയാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
സുരക്ഷയുടെയും സമൃദ്ധിയുടെയും ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പിണിതെന്നും സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാലാവസ്ഥയെ പ്രാദേശികമായും അന്തർദേശീയമായും ഈ ബന്ധങ്ങൾ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും യു എ ഇ വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. യു എസിന്റെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും ബഹ്റിനും സമാധാന കരാറിന് തയാറായി എന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈ സാ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ തീരുമാനിച്ചത്. ആഗസ്റ്റ് 13ന് യു.എ.ഇയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ബഹ്റൈനും സന്നദ്ധമായത്. സെപ്റ്റംബർ 15ന് വൈറ്റ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കരാറിൽ ഒപ്പുവെക്കും.
Post Your Comments