ദില്ലി : ന്യൂനപക്ഷങ്ങള്‍, ജനാധിപത്യ അവകാശങ്ങള്‍, പൗരസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെപ്റ്റംബര്‍ 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐ(എം) രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങുന്നതായി സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുറി.
ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങള്‍ക്കും അടുത്ത ആറുമാസത്തേക്ക് പ്രതിമാസം 7,500 രൂപ ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും അടുത്ത ആറ് മാസത്തേക്ക് ഓരോ മാസവും 10 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനും ദരിദ്രരുടെ ഇടയില്‍ കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക ധ്രുവീകരണം തീവ്രമാക്കുക, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുക, ജനാധിപത്യ അവകാശങ്ങള്‍ക്കും നമ്മുടെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തിനുമെതിരായ വലിയ തോതിലുള്ള ആക്രമണങ്ങള്‍, സ്ത്രീകള്‍, ദലിതര്‍, ആദിവാസികള്‍, മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവയ്ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന ക്രൂരമായ ആക്രമണങ്ങള്‍, സ്വകാര്യവല്‍ക്കരണത്തിലൂടെ ദേശീയ സ്വത്തുക്കള്‍ കൊള്ളയടിക്കല്‍, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ എടുത്തുകാണിക്കുമെന്ന് യെച്ചൂരി പറഞ്ഞു.
ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാജ്യവ്യാപക പ്രതിഷേധത്തെ കുറിച്ച് യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചത്.
വര്‍ദ്ധിച്ച വേതനത്തോടുകൂടി പ്രതിവര്‍ഷം 200 ദിവസത്തെ ജോലി ഉറപ്പുവരുത്തുന്നതിനായി എംജിഎന്‍ആര്‍ജിഎ വിപുലീകരിക്കുകയെന്നതും അവരുടെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നഗര തൊഴിലുറപ്പ് നിയമം പ്രഖ്യാപിക്കണമെന്നും തൊഴിലില്ലാത്ത എല്ലാവര്‍ക്കും അലവന്‍സ് പ്രഖ്യാപിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. ഭരണഘടനയെ സംരക്ഷിക്കുന്നതിനും എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്കുള്ള അടിസ്ഥാന ഉറപ്പ് നല്‍കുന്നതിനും പ്രതിഷേധം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലയളവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 11 ഓര്‍ഡിനന്‍സുകളെ സിപിഐ എം എതിര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം, നമ്മുടെ കൃഷിക്കാര്‍ക്കും ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിനും ഹാനികരമാണ്. ഈ ഓര്‍ഡിനന്‍സുകളെ എതിര്‍ക്കുന്നതും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പിന്മാറണമെന്ന് ആവശ്യപ്പെടുന്നതുമായ നിയമപരമായ പ്രമേയങ്ങള്‍ക്ക് സിപിഐ എം നോട്ടീസ് നല്‍കി. പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തിങ്കളാഴ്ച ആരംഭിക്കാന്‍ പോകുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രസ്താവന. പുതിയ വിദ്യാഭ്യാസ നയം, ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍, അതുമായി ബന്ധപ്പെട്ട പരിപാടികള്‍, പരിസ്ഥിതി ആഘാത വിലയിരുത്തല്‍, പുതിയ ഖനന ചട്ടങ്ങള്‍ തുടങ്ങിയ പ്രധാന നയ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുമുമ്പ് പാര്‍ലമെന്റ് വിശദമായി പരിശോധിക്കണമെന്ന് സിപിഐ എം എംപിമാര്‍ നിര്‍ബന്ധിക്കുമെന്നും യോഗത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു എന്നും യെച്ചൂരി പറഞ്ഞു.
Post Your Comments