ലണ്ടൻ: ഇന്ത്യയിൽ അഴിമതി എന്നത് ഒരു പുതിയ കാര്യമല്ല. പ്രതേകിച്ച് രാഷ്ട്രീയത്തിലെ അഴിമതികൾ. നാലുപതിറ്റാണ്ടുമുമ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിൽ അഭ്യൂഹമായി പ്രചരിച്ചിരുന്ന ഒരു അഴിമതിക്കഥ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നു.
വ്യോമസേനയ്ക്കായി ജാഗ്വാർ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുണ്ടാക്കിയ 220 കോടി ഡോളറിന്റെ കരാറിൽ 1977-79 കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ മകൻ കാന്തി ദേശായിക്ക് പങ്കുണ്ടായിരുന്നുവെന്ന വിവരമാണ് ദൃക്‌സാക്ഷിയുടെ വിവരണത്തിലൂടെ ഇപ്പോൾ ചർച്ചയാകുന്നത്. ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിൽ ഡെപ്യൂട്ടി ഹൈക്കമ്മിഷണറും ആക്ടിങ് ഹൈക്കമ്മിഷണറുമായിരുന്ന അലൻ നസറത്താണ് ‘എ റിങ്സൈഡ് സീറ്റ് ടു ഹിസ്റ്ററി’ എന്ന ആത്മകഥയിൽ ഇക്കാര്യം വിശദമാക്കുന്നത്.
‘പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ലണ്ടൻ സന്ദർശനം 1978 ജൂലായിലായിരുന്നു. മകൻ കാന്തിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ കാന്തിക്കു നൽകിയ ആദരപൂർവമുള്ള ശ്രദ്ധയും പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി അവർ ഇടയ്ക്കിടെ നടത്തിയ ചർച്ചകളും ഞാൻ അതിശയത്തോടെ കണ്ടു. ഞാൻ വീണ്ടും ആക്ടിങ് ഹൈക്കമ്മിഷണറായിരിക്കെ 1978 ഒക്ടോബർ മധ്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺവിളി വന്നു. മറ്റു കമ്പനികളിൽനിന്ന് കടുത്ത മത്സരമുണ്ടായിട്ടും ജാഗ്വാർ യുദ്ധവിമാനം വാങ്ങാൻ ഇന്ത്യാസർക്കാർ തീരുമാനിച്ച വിവരം പ്രധാനമന്ത്രി ജെയിംസ് കാലഹനെ നേരിട്ടറിയിക്കണമെന്ന നിർദേശമായിരുന്നു അത്’ -‘എ റിങ്സൈഡ് സീറ്റ് ടു ഹിസ്റ്ററി’യിൽ നസറത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു.
മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ പല തന്ത്രപ്രധാന കാര്യങ്ങളിലും കാന്തി ദേശായി ഇടപെട്ടിരുന്നുവെന്നത് ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ സ്ഥരീകരിക്കുന്നുവെന്നാണ് നസറത്ത് പറയുന്നത്. കേന്ദ്രസർക്കാരിൽ ഔദ്യോഗികപദവികളൊന്നുമില്ലാതിരുന്നിട്ടും ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥർക്ക് പ്രിയപ്പെട്ടവനായിരുന്നു കാന്തിയെന്നും നസറത്ത് പറയുന്നു.
Post Your Comments