ന്യൂഡൽഹി : ജോലിയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ ജീവനക്കാരന്‍റെ കൈവിരൽ കടിച്ചുമുറിച്ച് സ്ഥാപന ഉടമ. ഡൽഹിയിലെ മയൂർ വിഹാറിലുള്ള ഒരു ഇൻഷുറൻസ് സ്ഥാപനത്തിനുള്ളിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഔദ്യോഗിക ജോലിയെച്ചൊല്ലി ജീവനക്കാരനായ മോഹിത് കുമാറും സ്ഥാപനഉടമയായ ഹേമന്ദ് സിദ്ദാർതഥും തമ്മിൽ അക്ഷർധാമിൽ വച്ച് പരസ്പരം തർക്കമുണ്ടായത്. പിന്നീട് ജോലിയുടെ ഭാഗമായി ഇരുവരും കാറിൽ കരോൾബാഗിലേക്കു പോയി. അവിടെനിന്നാണ് മയൂർ വിഹാറിലെത്തിയത്. അവിടെവെച്ചും തർക്കമുണ്ടായതോടെയാണ് കൈയാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിയത്.
രണ്ടുപേരും കാറിലായിരിക്കുമ്പോൾ തർക്കം രൂക്ഷമായി. ഹേമന്ത് തന്നെ അധിക്ഷേപിക്കാൻ തുടങ്ങി എന്നും തല്ലിച്ചതച്ചതായും മോഹിത് ആരോപിച്ചു. മുഖത്ത് അടിച്ചപ്പോൾ തടയാൻ മോഹിത് ശ്രമിച്ചപ്പോൾ ഹേമന്ത് വിരൽ കടിച്ചുമുറിക്കുകയായിരുന്നു. മുറിഞ്ഞുപോയ വിരൽ ഹേമന്ദ് തറയിലേക്ക് തുപ്പി. അതിനുശേഷം അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു.
തുടർന്ന് ഹേമന്ദ് തന്നെ സംഭവം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മോഹിതിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിരൽ തുന്നി ചേർക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹിത് സുഖംപ്രാപിച്ചുവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മയൂർ വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments