KeralaLatest NewsNews

ജലീലിന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക്; ജലീലില്‍ വിദേശ ഇടപാടുകളിലെ ഇടനിലക്കാരന്‍: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ വഴിവിട്ട പല ഇടപാടുകള്‍ക്കും മുഖ്യമന്ത്രി പിണറായിവിജയനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പു കേസില്‍ ആരോപണവിധേയനായ ജലീലിനെ സംരക്ഷിക്കുന്നതിനു കാരണം കെ.ടി. ജലീലുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കുള്ളതുകൊണ്ടാണ്. കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയനും സംഘത്തിനും ഉള്ളത്. കള്ളന് കഞ്ഞിവയ്ക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനും സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം വരെയായ ഇ.പി.ജയരാജനെതിരെ ആരോപണമുണ്ടായപ്പോള്‍ അദ്ദേഹത്തെ രാജിവപ്പിച്ചയാളാണ് പിണറായി. ജയരാജന് നല്‍കാന്‍ കഴിയാത്ത സംരക്ഷണം എന്തിന് ജലീലിന് നല്‍കണമെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
എന്ത് പ്രത്യേകതയാണ് ജയരാജനെ അപേക്ഷിച്ച് ജലീലിന് ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബന്ധുനിയമനം നടത്തി എന്ന കുറ്റത്തിന്റെ പേരില്‍ ഒന്നര വര്‍ഷക്കാലം ജയരാജനെ അപമാനിച്ചു പുറത്തുനിര്‍ത്തി. എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ജലീല്‍ പല തട്ടിപ്പും നടത്തിയിട്ടുള്ളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

പ്രളയാനന്തരം വിദേശരാജ്യങ്ങളുമായി മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിയ പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും ജലീലിനും പങ്കുണ്ട്. അതുകൊണ്ടാണ് കെ.ടി. ജലീലിനെ തൊടാന്‍ പിണറായിവിജയന്‍ ധൈര്യം കാണിക്കാത്തത്. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ചോദ്യംചെയ്യുന്നത് പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് ചോദിക്കാനാണ് എന്നാണ് ചിലര്‍ പറയുന്നത്. ഇഡി എന്നുപറയുന്നത് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഏജന്‍സിയല്ല. അന്താരാഷ്ട്ര സ്വര്‍ണകള്ളക്കടത്തും അതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. ജലീലില്‍ നിന്ന് എന്തൊക്കെ ചോദിച്ചറിഞ്ഞു എന്ന് ജലീല്‍ തന്നയാണ് വ്യക്തമാക്കേണ്ടത്. സത്യം അന്തിമമായി വിജയിക്കും എന്നു ജലീല്‍ നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പല ഇടപാടുകളുടെയും ഇടനിലക്കാരനായാണ് ജലീല്‍ പ്രവര്‍ത്തിച്ചത്. പ്രളയാനന്തരം സംസ്ഥാനത്തെ വിവിധ മത സ്ഥാപനങ്ങള്‍ക്കും അവരുടെ സന്നദ്ധ സംഘടനകള്‍ക്കും കോടിക്കണക്കിനു രൂപ ഒഴുകി എത്തിയിട്ടുണ്ട്. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇഡി അന്വേഷിക്കുന്നത്. പ്രളയാനന്തരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിനുശേഷം സംസ്ഥാനത്തെ പല സന്നദ്ധ സംഘടനകള്‍ക്കും ശതകോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട് ഇതില്‍ ജലീലിന്റെ പങ്ക് അന്വേഷണ പരിധിയിലുണ്ട്. അതുകൊണ്ടാണ് ഒന്നും തുറന്നു പറയാന്‍ കെ.ടി. ജലീല്‍ തയ്യാറാകാത്തതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

എന്തിനാണ് സര്‍ക്കാര്‍ ഔദ്യോഗിക വാഹനവും സുരക്ഷസംവിധാനവും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട് അദ്ദേഹത്തിന്റെ സ്വകാര്യവാഹനത്തില്‍ ചോദ്യം ചെലിന് പോയത്. ചോദ്യംചെയ്യലിനുശേഷവും മാധ്യമങ്ങളുടെ ചോദ്യത്തിന് എന്തിനാണ് കള്ളംപറഞ്ഞത്. സ്വപ്നാ സുരേഷിനെ ഏതെല്ലാം വിധത്തിലാണ് ജലീല്‍ സഹായിച്ചത്. അന്താരാഷ്ട്ര സ്വര്‍ണകള്ളക്കടത്ത് കേസിലും അനുബന്ധ തട്ടിപ്പുകേസിലും ജലീലിന്റെ പങ്കെന്താണെന്നും അദ്ദേഹം ചോദിച്ചു.

യുഎഇ കോണ്‍സുലേറ്റ് വഴിവന്ന ബാഗേജ് എങ്ങനെയാണ് സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിലേക്ക് മാറ്റിയത്. സി ആപ്റ്റിന്റെ എംഡിയുടെ കാറില്‍ ഇത് ബാംഗല്‍രിലേക്ക് കൊണ്ടുപോയത് എങ്ങനെയാണ്. തൃശൂരില്‍വച്ച് ജിപിഎസ് സംവിധാനം വിഛേദിച്ചത് എന്തിനാണ്. ഇങ്ങനെ ധാരാളം സംശങ്ങള്‍ ഉയരുന്നുണ്ട്. വിദേശത്തു നിന്നെത്തിയെന്ന് പറയുന്ന ഖുറാന്റെ തൂക്കവും കസ്റ്റംസ് ക്ലിയര്‍ ചെയ്ത സാധനത്തിന്റെ തൂക്കവും തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യം എന്തുകൊണ്ടാണ് മറച്ചുവച്ചത്. പരിശുദ്ധ ഖുറാന്റെ മറവില്‍ സ്വര്‍ണകള്ളക്കടത്തു നടത്തി എന്നതാണ് ജലീലിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണം. സ്വര്‍ണകള്ളക്കടത്തുസംഘവുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക ക്രമക്കേടുകളിലും ജലീല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്രത്തോളം കാര്യങ്ങള്‍ അന്വേഷിക്കുന്ന ഗൗരവമുള്ള കേസിനെയാണ് സിപിഎം നേതാക്കള്‍ പ്രോട്ടോകോള്‍ ലംഘനം എന്ന് പറഞ്ഞ് നിസ്സാര വത്കരിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ഇഡി എന്താണ് ചോദിച്ചത് എന്ന് ജനങ്ങളോട് തുറന്നുപറയാന്‍ ജലീലിന് ബാധ്യതയുണ്ട്. യുഎഇ കോണ്‍ഡസുലേറ്റുമായി എന്തൊക്കെ ഇടപാടാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളുമായി ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളാണ് ഏര്‍പ്പെട്ടിരുന്നത് ഏതൊക്കെ സന്നദ്ധ സംഘടനകള്‍ക്കാണ് ജലില്‍ വഴി പണമെത്തിയത്. റഡ്ക്രസന്റുമായി 20 കോടിയുടെ ഇടപാടല്ല ഇരുന്നൂറുകോടിയുടെ ഇടപാണ് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. അതില്‍ ജലീലിന്റെ പങ്കെന്താണ്. ജലീലും മഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ആ ഇടപാടുകള്‍നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

സ്വപ്നയുമായി ഫല്‍റ്റില്‍ കണ്ടുവെന്ന കാരണം പറഞ്ഞ് ശിവശങ്കരനെ മാറ്റിയത് തത്വാധിഷ്ഠിത നിലപാട് എന്നാണ് പിണറായി പറഞ്ഞത്. ഇപ്പോള്‍ തത്വാധിഷ്ഠിതനിലപാട് എവിടെപ്പോയി എന്ന് അദ്ദേഹം ചോദിച്ചു. അടിയന്തിരമായി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ബിജെപി സംഘടിപ്പിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button