COVID 19Latest NewsKeralaNews

കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു : അതിജാഗ്രതയിൽ കേരളം

വരാനിരിക്കുന്നത് പരീക്ഷണ നാളുകൾ; ജീവന്റെ വിലയുള്ള ജാഗ്രത തുടരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോൾ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കഴിഞ്ഞ 7 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയിൽ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സർക്കാരിന്റെ മുഴുവൻ സംവിധാനവും കോവിഡിനെതിരായ പോരാട്ടത്തിൽ രാവും പകലുമില്ലാതെ അധ്വാനിക്കുകയാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലം കൂടിയാണിത്. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതൽ 10 ശതമാനമായപ്പോൾ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. ആകെ രോഗികൾ ഒരു ലക്ഷം ആകുമ്പോഴും 73,904 പേരും രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 27,877 പേരാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിയിലൂടെ കേരളത്തിലാണ്. എന്നാൽ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ച് നിൽക്കാൻ നമുക്കായി.

ആദ്യ ഘട്ടത്തിൽ 3 കേസുകളാണ് ഉണ്ടായത്. രണ്ടാം ഘട്ടത്തിൽ രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും കൂടുതലാളുകൾ എത്തിക്കൊണ്ടിരുന്നതോടെ മാർച്ച് 8 മുതൽ രോഗികൾ കൂടി. മേയ് 3 വരെയുള്ള രണ്ടാം ഘട്ടത്തിൽ 496 പേർക്കാണ് ആകെ രോഗം ബാധിച്ചത്. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയരുകയും ചെയ്തു. ലോക് ഡൗൺ മാറി മേയ് 4ന് ചെക്ക്പോസ്റ്റുകൾ തുറന്നതോടെ മൂന്നാം ഘട്ടത്തിൽ രോഗികളുടെ എണ്ണം പതിയെ വർധിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ക്ലസ്റ്റർ സ്ട്രാറ്റജി ആവിഷ്‌ക്കരിച്ച് രോഗ നിയന്ത്രണത്തിന് സാധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് സംസ്ഥാനം കാര്യങ്ങൾ നിയന്ത്രിച്ചത്. ഏറ്റവും ശരിയായ പരിശോധനാ രീതിയും നിയന്ത്രണ രീതിയുമാണ് അവലംബിച്ചത്. ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതി ശരിയെന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ എസ്.ഒ.പി. തയ്യാറാക്കിയാണ് കേരളത്തിൽ കോവിഡ് പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ നടത്തുന്നത്.

Also read : രാജസ്ഥാനില്‍ എംഎല്‍എമാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ; സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു

സർക്കാർ അംഗീകൃത സ്വകാര്യ ലാബുകളിൽ കോവിഡ്-19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവർക്കും ടെസ്റ്റ് നടത്താൻ അനുമതി നൽകി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സർക്കാർ ഫീസ് നിശ്ചയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവ് പൂർണമായും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് വഹിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടാത്ത സർക്കാർ സംവിധാനം റഫർ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവും സർക്കാരാണ് വഹിക്കുന്നത്. കോവിഡ് റിപ്പോർട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എൻഐവിയിൽ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോൾ സംസ്ഥാനം മുഴുവൻ ലഭ്യമാണ്. ഇപ്പോൾ 23 സർക്കാർ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 33 സ്ഥലങ്ങളിൽ കോവിഡ്-19 ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതുകൂടാതെ 800 ഓളം സർക്കാർ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജൻ, എക്സ്പെർട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകൾ നടത്തുന്നുണ്ട്. പ്രതിദിന പരിശോധനകളുടെ എണ്ണം 45,000 വരെ ഉയർത്തി. ഇനിയും പരിശോധനാ സംവിധാനം കൂട്ടാനാണ് ശ്രമിക്കുന്നത്.
ഹോം ക്വാറന്റൈൻ ഇന്ത്യയിൽ തന്നെ വളരെ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കി. റൂം ക്വാറന്റൈന് ഡോക്ടറുടേയും ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.

സംസ്ഥാനത്ത് സി.എഫ്.എൽ.ടി.സി.കളും കോവിഡ് ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി സുസജ്ജമാണ്. കോവിഡ് ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ, സിഎഫ്എൽടിസികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകൾ ഇപ്പോൾ ചികിത്സയ്ക്കായി സജ്ജമാണ്. അതിൽ തന്നെ 21,318 കിടക്കകൾ ഒഴിഞ്ഞ് കിടക്കുകയാണ്. 29 കോവിഡ് ആശുപത്രികളിലായി ആകെ 8937 കിടക്കകളും, 30 മറ്റ് സർക്കാർ ആശുപത്രികളിലായി 1344 കിടക്കകളും, 189 സി.എഫ്.എൽ.ടി.സി.കളിലായി 28,227 കിടക്കകളും, 74 സ്വകാര്യ ആശുപത്രികളിലായി 2883 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ ആകെ 871 കോവിഡ് ഐസിയു കിടക്കകളുള്ളതിൽ 624 എണ്ണവും 532 കോവിഡ് വെന്റിലേറ്ററുകളുള്ളതിൽ 519 എണ്ണവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിൽ 6079 ഐസിയു കിടക്കകളുള്ളതിൽ 6030 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതിൽ 1568 എണ്ണവും ഒഴിവുണ്ട്. ഇതുകൂടാതെ രണ്ടും മൂന്നും ഘട്ടമായി 800 ഓളം സിഎഫ്എൽടിസികളിലായി 50,000ത്തോളം കിടക്കകളും സജ്ജമാണ്. ദിവസം തോറും പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

രോഗബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായകരമായ രീതിയിൽ കോവിഡ് ചികിത്സാ മാർഗനിർദേശങ്ങൾ പുതുക്കി. എക്സെർഷണൽ ഡിസ്പനിയ അടിസ്ഥാനമാക്കി ചികിത്സാ മാർഗനിർദേശങ്ങൾ ആദ്യമായി നിശ്ചയിച്ച സംസ്ഥാനം കൂടിയാണ് കേരളം. ഇതിലൂടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്ന് കോവിഡ് ബ്രിഗേഡിന് രൂപം നൽകി. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനം കൂടുതലായി ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് 19 ജാഗ്രത പോർട്ടൽ വഴി കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡിൽ അംഗങ്ങളായിരിക്കുന്നത്. ഇതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോൾതന്നെ 13,500 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണ്. ആഗസ്റ്റ് 19നാണ് ആകെ രോഗികളുടെ എണ്ണം 50,000 ആയത്. കേവലം ഒരുമാസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഒരുലക്ഷം ആയിട്ടുണ്ട്. വരും ആഴ്ചകളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. രോഗനിരക്ക് കൂടി ആശുപത്രിയിൽ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്. അതിനാൽ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാൽ കോവിഡിൽ നിന്നും എത്രയും വേഗം നമുക്ക് രക്ഷനേടാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button