പറവൂര്‍: പറവൂര്‍ പാലത്തില്‍നിന്നും പുഴയില്‍ ചാടി മരിക്കാന്‍ ശ്രമിച്ച വീട്ടമ്മയെ രക്ഷിച്ച യുവാവിനെതിരെ ട്രോള്‍ മഴ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ചെറായി ബീച്ചില്‍ മിയാമി റിസോര്‍ട്ട് നടത്തുന്ന മാല്യങ്കര സ്വദേശി റെജിന്‍ (24) പട്ടണത്തേക്ക് കാറില്‍ വരുമ്പോള്‍ ആയിരുന്നു സംഭവം. മുന്നിലുള്ള കാറുകൾ പെട്ടെന്ന് ബ്രെക്ക് ഇട്ടപ്പോൾ എന്താണ് നടന്നതെന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഒരു യുവതി പാലത്തിെന്റ കൈവരിയില്‍നിന്ന് പുഴയിലേക്ക് ചാടുന്നതാണ് കണ്ടത്.
വാഹനങ്ങളിലുള്ളവരെല്ലാം പുറത്തിറങ്ങി പുഴയിലേക്ക് നോക്കി രക്ഷിക്ക് എന്ന് പറയുന്നതല്ലാതെ ആരും ഒന്നും ചെയ്യുന്നില്ല. റെജിന്‍ തെന്റ സ്വര്‍ണ മാലയും മോതിരവും മൊബൈലും പേഴ്സും അടുത്തു കണ്ട അപരിചിതയായ ഒരു സ്ത്രീയെ ഏല്പിച്ച് പുഴയിലേക്ക് ചാടി.നല്ല മഴയും ഒഴുക്കും. മുങ്ങി പൊങ്ങുന്ന യുവതിയുടെ അടുത്തെത്തിയപ്പോള്‍ എന്നെ രക്ഷിക്ക് എന്ന് പറഞ്ഞ് യുവതി റെജിനെ കൈ ഉള്‍പ്പെടെ വട്ടംചുറ്റി പിടിച്ചു. ഇതോടെ രണ്ടു പേരും മുങ്ങിപ്പോയി. ഒരു വിധത്തില്‍ യുവതിയുടെ കൈവിടുവിച്ച് മുടിയില്‍ പിടിച്ച് വലിച്ചു.
നല്ല ഭാരമുള്ള യുവതിയെ പ്രയാസപ്പെട്ട് പാലത്തിെന്റ ഒരു തൂണിനരികിലെത്തിച്ചു. ഇതിനിടെ കുറെ വെള്ളം കുടിക്കേണ്ടി വന്നു.അപ്പോഴേക്കും പാലത്തില്‍ തടിച്ചുകൂടിയവര്‍ മുണ്ടുള്‍പ്പെടെ പലതും പുഴയിലേക്ക് ഇട്ടു കൊടുത്തു. ഒടുവില്‍ ഏതോ ബസ് ജീവനക്കാര്‍ ഇട്ട് കൊടുത്ത കയര്‍ ദേഹത്തുവന്ന് വീണപ്പോള്‍ അതുപയോഗിച്ച് യുവതിയെ തൂണില്‍ കെട്ടി നിര്‍ത്തി. പിന്നീട് കയര്‍ കടിച്ചു പിടിച്ച് യുവതിയെ വലിച്ച് കരയിലടുപ്പിച്ചു. ഈ സമയത്താണ് പൊലീസ് അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്സ് എത്തുന്നത്.
യുവതിയെ ഫയര്ഫോഴ്സിെന്റ റബര്‍ ബോട്ടില്‍ കയറ്റി കടവിലെത്തിച്ച് ആംബുലന്‍സില്‍ പറവൂര്‍ ഗവ.ആശുപത്രിയിലാക്കി.തുടർന്ന് റെജിന്‍ നടന്ന് റോഡിലെത്തിയപ്പോഴേക്കും ഛര്‍ദിച്ച് തളര്‍ന്നു. ഏല്പിച്ച സ്വര്‍ണാഭരണങ്ങളും മറ്റുമായി ആള്‍ക്കൂട്ടത്തില്‍ അപരിചിത അവിടെ കാത്ത് നിന്നിരുന്നു. പൊലീസും നാട്ടുകാരും റെജിനെ അഭിനന്ദിച്ചാണ് വിട്ടത്. സംഭവമറിഞ്ഞ റെജിെന്റ സുഹൃത്തുക്കള്‍ സഹിതം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. എന്നാൽ പിന്നീടാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്.
പുഴയില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും രണ്ട് പേരെയും പറവൂരിലെ ഫയര്‍ഫോഴ്സുകാരാണ് രക്ഷിച്ചതെന്നുമുള്ള ഫയര്ഫോഴ്സിെന്റ വാര്‍ത്താക്കുറിപ്പ് ഒരു പത്രത്തില്‍ വന്നതോടെ റെജിനെ അഭിനന്ദിച്ചവരെല്ലാം പരിഹാസ ശരങ്ങളെയ്യുകയായിരുന്നു .സ്വജീവന്‍ പണയപ്പെടുത്തി ഒരു ജീവന് രക്ഷിക്കാന്‍ പോയത് അബദ്ധമായോ എന്ന ചിന്തയിലാണ് റെജിനും കുടുംബവും.
റെജിനാണ് യുവതിയെ രക്ഷിച്ചതെന്നും ഫയര്‍ഫോഴ്സ് വൈകിയാണെത്തിയതെന്നും വടക്കേക്കര പൊലീസും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ചെന്നൈ സ്വദേശിയായ യുവതി ചെറിയ പല്ലംതുരുത്തിലാണ് താമസം. രണ്ട് മാസം മുമ്പ് ഇവരുടെ ഭര്‍ത്താവ് തൂങ്ങി മരിച്ചിരുന്നു. ഇതിന് കാരണക്കാരി താനാണെന്ന് പറഞ്ഞ് ഭര്‍ത്താവിെന്റ അമ്മ നിരന്തരം വഴക്കു പറയുന്നതില്‍ മനംനൊന്താണ് മരിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്.
Post Your Comments