ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണം കൊലപാതകമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ഡെ. റിയ ചക്രവർത്തി തന്നെ സമ്മർദത്തിലാക്കുന്നതായി സുശാന്ത് സിങ് രാജ്പുത്ത് പറഞ്ഞിട്ടുണ്ടെന്ന സൂചനകള്‍ അങ്കിത പുറത്തുവിട്ടിരുന്നു.
എന്തുകൊണ്ട് സുശാന്തിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു എന്നതിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. ‘സുശാന്തിന്റെ മരണം ഒരു കൊലപാതകമാണോ എന്ന് എനിക്കു തോന്നുന്നുണ്ടോ എന്ന് മാധ്യമങ്ങൾ എന്നോട് വീണ്ടും വീണ്ടും ചോദിക്കുന്നതിനാൽ ഞാൻ വ്യക്തമാക്കുന്നു. ഇത് ഒരു കൊലപാതകമാണെന്നോ അതിൽ പ്രത്യേകിച്ച് ആരെങ്കിലും ഉത്തരവാദികളാണെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അന്തരിച്ച എന്റെ പ്രിയ സുഹൃത്തിനും കുടുംബത്തിനും നീതി ലഭിക്കണം. അന്വേഷണ ഏജൻസികൾ സത്യം പുറത്തുകൊണ്ടുവരണം.’ – അങ്കിത പറഞ്ഞു.
സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും വിഷാദരോഗി ആയിരുന്നില്ലെന്നും അങ്കിത നേരത്തെ വ്യക്തമാക്കിയിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടന്റെ കാമുകി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തപ്പോള്‍ താരം കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ‘യാദൃശ്ചികം, വിധി അങ്ങനെ ഒന്നും സംഭവിക്കുന്നില്ല. നിങ്ങളുടെ പ്രവർത്തികളാണ് വിധി തീരുമാനിക്കുന്നത്. അതാണ് കർമ.’
Post Your Comments