പാട്യാല: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച ലോക് ഇൻസാഫ് എംഎൽഎമാരായ സിമർജിത് സിംഗ് ബെയിൻസ്, സഹോദരൻ ബൽവീന്ദർ സിംഗ് ബെയിൻസ് എന്നിവർക്കെതിരെ നടപടി എടുത്തതായി പഞ്ചാബ് പൊലീസ്. പട്യാലയിലെ സംസ്ഥാന കാബിനറ്റ് മിനിസ്റ്റർ സാധു സിംഗ് ധരംസോത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മന്ത്രി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്. എൺപതിലധികം ബസ്സുകളിലായി 1500 ഓളം ജനങ്ങളാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. സാധുസിംഗിനെതിരെ പ്രതിഷേധിച്ച് പൂഡെ മൈതാനത്ത് ഒരുമിച്ചു ചേരാൻ ലോക് ഇൻസാഫ് എംഎൽഎമാരാണ് ആഹ്വാനം ചെയ്തതെന്ന് പാട്യാല സീനിയർ പൊലീസ് സൂപ്രണ്ട് വിക്രം ജീത് ദഗൽ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരം മാർച്ച് നടത്തരുതെന്ന് അവരോട് അഭ്യർത്ഥിച്ചതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ഈ അഭ്യർത്ഥന അവർ അവഗണിക്കുകയാണുണ്ടായത്. മാത്രമല്ല പ്രതിഷേധക്കാർ മോശമായി പെരുമാറിയെന്നും പൊലീസ് പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments