ദുബൈ: ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ സംഘമാണ് അറസ്റ്റിലായത്. 150 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായി ദുബൈ പൊലീസ് സി.ഐ.ഡി വിഭാഗം ഡയറക്ടർ ജമാൽ സാലിം അൽ ജലഫ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ വ്യാജ റിക്രൂട്ട്മെൻറ് ഏജൻസികളുടെ പേരിൽ പരസ്യം നൽകിയാണ് ഉദ്യോഗാർഥികളെ ഇവർ ആകർഷിച്ചത്. മികച്ച സ്ഥാപനത്തിൽ ജോലിയും ശമ്പളവുമായിരുന്നു ഇവരുടെ വാഗ്ദാനം. കോവിഡ് കാലത്ത് ജോലിക്കായി അലയുന്നവരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലും.
അഭിമുഖം, ബുക്കിങ്, റിക്രൂട്ട്മെൻറ്, നികുതി എന്നിവക്ക് ഫീസ് നൽകണമെന്ന് നിർദേശിച്ച് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. ഇന്ത്യക്കാർക്കടക്കം പണം നഷ്ടമായിട്ടുണ്ടെന്ന് സംശയമുണ്ട്. വ്യാജ റിക്രൂട്ട്മെൻറ് ഏജൻസി രൂപവത്കരിച്ച് തട്ടിപ്പ് നടക്കുന്നതായി ഇക്കോണമിക് ക്രൈംസ് കൺട്രോൾ വിഭാഗത്തിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. 1000 മുതൽ 3000 ദിർഹം വരെ ശമ്പളം നൽകാമെന്ന് പരസ്യത്തിൽ വാഗ്ദാനമുണ്ടായിരുന്നുവെന്ന് ഇക്കോണമിക് ക്രൈംസ് കൺട്രോൾ വിഭാഗം ഡയറക്ടർ സലാ ജുമാ ബൂസയ്ബ പറഞ്ഞു.
Post Your Comments