ലക്നോ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പുനസംഘടിപ്പിച്ചു. വിമതസ്വരമുയര്‍ത്തി സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളെ മാറ്റിനിര്‍ത്തിയാണ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചത്. ഏഴ് കമ്മിറ്റികള്‍ക്കാണ് ഞായറാഴ്ച കോണ്‍ഗ്രസ് രൂപം നല്‍കിയത്. പ്രിയങ്ക ഗാന്ധിക്ക് അടുപ്പമുള്ള നേതാക്കളെയാണ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.മുതിര്‍ന്ന നേതാക്കളായ രാജ് ബബ്ബാര്‍, ജിതിന് പ്രസാദ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല.
ഇരുവരും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്.പി.എന്‍ സിംഗിനും കമ്മിറ്റിയില്‍ ഇടം കണ്ടെത്താനായില്ല. മുന്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ നേതൃത്വത്തിലാണ് പ്രകടനപത്രിക സമിതി, റാഷിദ് ആല്‍വിയാണ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേശക സമിതി. അനുരാഗ് നാരായന്ണന് സിങിന്റെ നേതൃത്വത്തിലാണ് മെമ്പര്‍ഷിപ്പ് സമിതി, പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രാജേഷ് മിശ്ര നേതൃത്വം നല്കുന്നു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു എല്ലാ സമിതികളുടേയും മേല്‍നോട്ടം വഹിക്കും.തെരഞ്ഞെടുപ്പിന് എട്ട് മാസം മുമ്പെങ്കിലും പ്രകടന പത്രിക പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉദ്ദേശ്യശുദ്ധിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും, പാര്‍ട്ടി നന്നാകുക എന്നത് മാത്രമാണ് ലക്ഷ്യമിട്ടതെന്നും, കത്തില്‍ ഒപ്പുവെച്ച കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എംപി അഭിപ്രായപ്പെട്ടു.
അതേസമയം മറ്റ് ചുമതലകള്‍ നല്‍കിയതിനാലാണ് നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം. നേരത്തെ കോണ്‍ഗ്രസിന്റെ ലോക്സഭാ പാനലില്‍ നിന്നും വിമതസ്വരമുയര്ത്തിയശശി തരൂര്‍, മനീഷ് തിവാരി എന്നിവരെ മാറ്റിനിര്‍ത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു.
Post Your Comments