KeralaLatest NewsNews

‘ഇപ്പോഴുള്ള സാഹചര്യം തുടർന്നാൽ രണ്ടുമാസത്തിനകം ലോകത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ള രാജ്യമായി ഇന്ത്യ മാറും’ ; മുരളി തുമ്മാരുക്കുടി

മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുറയുമ്പോൾ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നത് ചൂണ്ടിക്കാട്ടി മുരളി തുമ്മാരുക്കുടി. ഈ സാഹചര്യം തുടർന്നാൽ രാജ്യം കേസുകളുടെ എണ്ണം വർധിക്കുന്ന കാര്യത്തിൽ മാത്രമല്ല മരണസംഖ്യയിലും ഒന്നാമതെത്തിയേക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………………………………………………….

കോവിഡിന്റെ കുതിപ്പുകൾ

ഇന്ന്, സെപ്റ്റംബർ ഏഴാം തിയതി ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ ഉണ്ടായിട്ടുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിൽ പുതിയ കേസുകളുടെ എണ്ണം തൊണ്ണൂറായിരം കൂടിയിട്ടുണ്ട്. ലോകത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് ഒരു ദിവസം തൊണ്ണൂറായിരം കേസുകൾ കൂടുന്നത്. ജനുവരിയിൽ ചൈനയിലെ കൊറോണയെ ലോകമൊക്കെ മൊത്തം പേടിപ്പിച്ചിരുന്ന കാലത്ത് അവിടെ മൊത്തം ഉണ്ടായിരുന്ന കേസുകളുടെ എണ്ണം എൺപതിനായിരം ആണെന്ന് ഓർക്കണം.

ഇന്ത്യയുടെ മുന്നിൽ ഇപ്പോൾ ബാക്കിയുള്ള അമേരിക്കയിൽ ഇതുവരെ 6,460,421 കേസുകൾ ഉണ്ടായിട്ടുണ്ട്, പക്ഷെ പ്രതിദിന കേസുകളുടെ എണ്ണം പരമാവധി എഴുപതിനായിരം വരെ വന്നതിന് ശേഷം ഇപ്പോൾ നാല്പത്തിനായിരത്തിന് താഴേക്ക് വന്നിട്ടുണ്ട്.

അതായത് ഒരുദിവസം ശരാശരി അമ്പതിനായിരം കേസുകൾ വച്ച് ഇന്ത്യയിലെ കേസുകൾ അമേരിക്കയിലെ പ്രതിദിന കേസുകളെക്കാൾ കൂടുകയാണ്.

ഈ നില തുടർന്നാൽ രണ്ടുമാസത്തിനകം ലോകത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ള സ്ഥലമായി ഇന്ത്യ മാറും.

അമേരിക്കയെക്കാളും ബ്രസീലിനേക്കാളും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ കൂടുതൽ കേസുകൾ ഉണ്ടാകുന്നത് ഒരു പരിധി വരെ സ്വാഭാവികമാണ്. ഇന്ത്യയിലെ മരണ നിരക്ക് മറ്റു പല രാജ്യങ്ങളെക്കാൾ കുറവാണെന്നുള്ളതും നല്ല കാര്യമാണ്. പക്ഷെ അമേരിക്കയിലും ബ്രസീലിലും മറ്റനവധി രാജ്യങ്ങളിലും പ്രതിദിന കേസുകളുടെ എണ്ണം താഴേക്ക് വരികയാണ്, പക്ഷെ ഇന്ത്യയിൽ ഇത് പ്രതിദിനം വർദ്ധിച്ചുവരികയാണ്. ഈ നില തുടർന്നാൽ നമ്മൾ കേസുകളുടെ കാര്യത്തിൽ കൂടുതൽ വേഗത്തിൽ ഒന്നാമതെത്തുമെന്ന് മാത്രമല്ല മരണനിരക്ക് കുറഞ്ഞാലും മരണസംഖ്യയിൽ പോലും ഒന്നാമതെത്തിയേക്കും.

ഇതേ സാഹചര്യത്തിൽ തന്നെ നിയന്ത്രണങ്ങൾ ഓരോന്നായി കുറഞ്ഞുവരികയാണ്. സാമൂഹ്യ ജീവിതവും സമ്പദ്‌വ്യവസ്ഥയും സാധാരണഗതിയിൽ ആക്കാൻ കുറച്ചു റിസ്ക് എല്ലാം എടുക്കാമെന്നുള്ള തത്വമാണ് ഇതിൽ കാണുന്നത്. പലരും കേരളത്തിൽ ഉൾപ്പടെ നിർദ്ദേശിക്കുന്ന കാര്യവുമാണ്. ഇതിന്റെ ശരി തെറ്റുകൾ കാലം തീരുമാനിക്കും, പക്ഷെ നാട്ടിൽ കേസുകൾ കൂടുന്തോറും നമുക്ക് കൊറോണ ഉണ്ടാകാനുള്ള സാധ്യത കൂടുകയാണെന്ന് മനസ്സിലാക്കുക. നമ്മുടെ പ്രവർത്തനങ്ങൾ അതനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക, കൈ കഴുകൽ, സാമൂഹിക അകലം, മാസ്കുകൾ ഇതൊക്കെ കർശനമായി പാലിക്കുക. സാധാരണ ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുക, മാനസികമായ സന്തോഷം ഉറപ്പുവരുത്തുക.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button