വിജയവാഡ: യാത്രക്കിടെ പശു കുറുകെ ചാടിയതോടെ മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹത്തിലെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. തെലങ്കാനയിലെ യദദ്രി ഭോംഗിര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. തെലുങ്കാനത്തെ യാദാദ്രി ഭോംഗിര്‍ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ചന്ദ്രബാബു നായിഡു രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. മൂന്ന് ദേശീയ സുരക്ഷാ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു, അവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ ബോണറ്റ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.
യാത്രക്കിടെ മുന്നില്‍ പോയ വാഹനത്തിന് മുന്നിലേക്ക് ഒരു പശു പെട്ടെന്നു കുറുകെ ചാടുകയായിരുന്നു. മൃഗവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചു. ഇതോടെ എസ്‌കോര്‍ട്ട് വാഹനത്തിന് പിന്നിലുള്ള കാറുകള്‍ പരസ്പരം കൂട്ടി ഇടിക്കുകയായിരുന്നു. നായിഡു അമരാവതി വസതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിലെ (എന്‍എച്ച് -65) ചൗട്ടുപ്പല്‍ ബ്ലോക്കിലെ ദണ്ടുമാല്‍കപുരം ഗ്രാമത്തില്‍ വച്ചാണ് അപകടം നടന്നത്. കേടായ വാഹനം ഉപേക്ഷിച്ച് അവര്‍ മറ്റൊരു കാറില്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു.
ഏഴു വാഹന സംഘമായാണ് ചന്ദ്രബാബു യാത്ര തിരിച്ചത്. മുന്നില്‍ മൂന്ന്, പിന്നില്‍ മൂന്ന്. നാലാമത്തെ വാഹനത്തിലായിരുന്നു നായിഡു ഇരുന്നത്. പെട്ടെന്നുള്ള ബ്രേക്ക് പിടുത്തത്തില്‍ ബുള്ളറ്റ് പ്രൂഫ് ആയ മൂന്നാമത്തെ കാര്‍ രണ്ടാമത്തെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ,ആഘാതത്തില്‍ രണ്ടാമത്തെ വാഹനം മുന്നാട്ട് നീങ്ങി മുന്നിലെ വാഹനത്തിലും ഇടിച്ചു. നാലാമത് ഉണ്ടായിരുന്ന നായിഡുവിന്റെ വാഹനം തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Post Your Comments