ബംഗളൂരു • ബെംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഗരത്തിലെ ആദ്യത്തെ കോവിഡ് 19 പുനര്‍ബാധ കേസ് റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവിൽ സ്ഥിരീകരിച്ച ആദ്യത്തെ കൊറോണ വൈറസ് പുനര്‍ബാധ കേസാണ് 27 കാരിയായ സ്ത്രീയില്‍ കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കൊമോർബിഡിറ്റികളുടെ ചരിത്രമില്ലാത്ത യുവതിക്ക് പനി, ചുമ എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ജൂലൈ മാസത്തിൽ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസിന് നെഗറ്റീവ് പരിശോധന നടത്തിയ ശേഷം ജൂലൈ 24 ന് യുവതി ആശുപത്രി വിട്ടു. എന്നാൽ ഇപ്പോൾ ഒരു മാസത്തിനുള്ളിൽ സ്ത്രീക്ക് കൊറോണ വൈറസിന്റെ നേരിയ ലക്ഷണങ്ങൾ വികസിക്കുകയും പരിശോധനയില്‍ കൊറോണ വൈറസ് അണുബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഓഗസ്റ്റ് അവസാനവാരത്തിലാണ് യുവതിയ്ക്ക് വീണ്ടും നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് ബാനർഗട്ട റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സാംക്രമിക രോഗങ്ങളുടെ കൺസൾട്ടന്റ് ഡോ. പ്രതിക് പാട്ടീൽ പറഞ്ഞു. രണ്ട് തവണയും യുവതിയുടെ നില ഗുരുതരമല്ല. ബംഗളൂരുവില്‍ ആദ്യമായാണ് ഇത്തരത്തില്‍ കോവിഡ് 19 പുനര്‍രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണഗതിയിൽ, “അണുബാധയുണ്ടായാൽ, കോവിഡ് ഇമ്മ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി അണുബാധയ്ക്ക് 2-3 ആഴ്ച ശേഷം പോസിറ്റീവാകും. അതേസമയം, ഈ രോഗിയിൽ, ആന്റിബോഡി നെഗറ്റീവ് ആയി. അതിനർത്ഥം അണുബാധയ്ക്ക് ശേഷം അവര്‍ക്ക് രോഗപ്രതിരോധ ശേഷി വികസിച്ചില്ല എന്നാണ്”- ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു സാധ്യത ഐജിജി ആന്റിബോഡികൾ ഒരു മാസത്തിനുള്ളിൽ അപ്രത്യക്ഷമാവുകയും വൈറസിന് രോഗിയുടെ ശരീരത്തിൽ പ്രവേശിച്ച് വീണ്ടും രോഗം ഉണ്ടാക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
Post Your Comments