KeralaLatest NewsNews

തോല്‍ക്കുന്നതു വരെ പഠിപ്പിക്കണം ; അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിര്‍ത്തി തൊഴിലിലേക്ക് തിരിയാന്‍ നിന്ന തന്നെ വീണ്ടും പഠനത്തിന് പ്രേരണയായ തന്റെ ഇഷ്ട അധ്യാപകരെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അധ്യാപക ദിനത്തില്‍ തന്റെ സ്‌കൂള്‍ ജീവിതത്തെ മുന്നോട്ട് നയിച്ച ഇഷ്ട അധ്യാപകരെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിര്‍ത്തി തൊഴിലിലേക്ക് തിരിയാന്‍ നിന്ന തന്നെ വീണ്ടും പഠനത്തിലേക്ക് വീണ്ടും എത്തിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥ ജീവിതം മുന്നോട്ട് നയിക്കാന്‍ കാരണക്കാരായ അധ്യാപരെയും കുറിച്ചുള്ള ഓര്‍മകളാണ് പിണറായി വിജയന്‍ പങ്കുവച്ചത്.

അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിര്‍ത്തി തൊഴിലിലേക്ക് തിരിയാന്‍ നിന്നതായിരുന്നു താന്‍. എന്നാല്‍ അദ്ധ്യാപകനായ ഗോവിന്ദന്‍ മാഷ് അമ്മയെ വിളിപ്പിച്ച് മകനെ തുടര്‍ന്നും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പ്രേരണയെ അംഗീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായിരുന്നു അമ്മയുടെ വാത്സല്യം. അങ്ങനെ തനിക്കു പഠനം തുടരാന്‍ സാധിച്ചു. എങ്കിലും എത്രകാലം വിദ്യാര്‍ത്ഥി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്നുറപ്പില്ലായിരുന്നു. ആ സമയത്താണ്, യുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ശങ്കരന്‍ മുന്‍ഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ ‘തോല്‍ക്കുന്നതു വരെ പഠിപ്പിക്കണം’ എന്ന് പറയുന്നത്. അങ്ങനെയാണ് എന്റെ വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നത്. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതവഴിയില്‍ അധ്യാപക ശ്രേഷ്ഠരുടെ കയ്യൊപ്പ് തെളിഞ്ഞു നിക്കുന്നു. അവരുടെ ആത്മാര്‍ഥമായ പിന്തുണ ഇല്ലായിരുന്നെങ്കില്‍ എല്‍.പി സ്‌കൂളില്‍ വച്ചു തന്നെ പഠിപ്പു നിര്‍ത്തേണ്ടി വന്നേനെയെന്നും അദ്ദേഹം പറയുന്നു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ബാല്യം പിന്നിടുന്നതിനും മുന്‍പേ ജീവിതത്തോട് ഏറ്റുമുട്ടാന്‍ കായികാദ്ധ്വാനത്തിനു ഇറങ്ങുന്നവര്‍ ഭൂരിപക്ഷമുള്ള ഭൂതകാലം നമ്മുടെ നാടിനുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ഇന്നുള്ള പ്രാധാന്യവും പ്രചാരവും ലഭിച്ചിരുന്നില്ല. അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിര്‍ത്തി തൊഴിലിലേക്ക് തിരിയുക എന്നതിലേക്ക് നയിക്കപ്പെട്ട വ്യക്തിപരമായ അനുഭവം ആ കാലത്തിന്റെ സംഭാവനയായിരുന്നു. അന്നത്തെ കാലത്ത് അതായിരുന്നു സ്വാഭാവികമായ കാര്യം.
എന്റെ കാര്യത്തില്‍ അസ്വാഭാവികമായ ഒന്ന് സംഭവിച്ചു. അദ്ധ്യാപകനായ ഗോവിന്ദന്‍ മാഷ് അമ്മയെ വിളിപ്പിച്ച് മകനെ തുടര്‍ന്നും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പ്രേരണയെ അംഗീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായിരുന്നു അമ്മയുടെ വാത്സല്യം. അങ്ങനെ എനിക്കു പഠനം തുടരാന്‍ സാധിച്ചു. എങ്കിലും എത്രകാലം വിദ്യാര്‍ത്ഥി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്നുറപ്പില്ലായിരുന്നു. ആ സമയത്താണ്, യുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ശങ്കരന്‍ മുന്‍ഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ ‘തോല്‍ക്കുന്നതു വരെ പഠിപ്പിക്കണം’ എന്ന് പറയുന്നത്. അങ്ങനെയാണ് എന്റെ വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നത്.
തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതവഴിയില്‍ അധ്യാപക ശ്രേഷ്ഠരുടെ കയ്യൊപ്പ് തെളിഞ്ഞു നിക്കുന്നു. അവരുടെ ആത്മാര്‍ഥമായ പിന്തുണ ഇല്ലായിരുന്നെങ്കില്‍ എല്‍.പി സ്‌കൂളില്‍ വച്ചു തന്നെ പഠിപ്പു നിര്‍ത്തേണ്ടി വന്നേനെ.
ഇതെന്റെ മാത്രം അനുഭവമല്ല. എന്റെ തലമുറയുടേയും, ഞങ്ങളെക്കഴിഞ്ഞു വന്ന തലമുറകളുടേയുമെല്ലാം, ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന അനുഭവമാണ്. ഇന്ന് സമ്പൂര്‍ണ്ണ സാക്ഷര കേരളം എന്ന നമ്മുടെ അഭിമാനത്തിന്റെ അടിത്തറയില്‍ അദ്ധ്യാപക സമൂഹത്തിന്റെ സമര്‍പ്പണത്തിന്റേയും കഠിനാദ്ധ്വാനവുമുണ്ട്. ഈ ആധുനിക കേരളത്തിലേയ്ക്ക് നമ്മളെ നയിച്ചതില്‍ അധ്യാപക സമൂഹത്തിന് നിര്‍ണായകമായ പങ്കുണ്ട്. ഈ മഹാമാരിയുടെ കാലത്ത് പോലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ പ്രശംസനീയമായ രീതിയില്‍ അധ്യാപക സമൂഹം കഠിനാദ്ധ്വാനം ചെയ്യുകയാണ്.
നാളത്തെ തലമുറയെ, ഇന്നിന്റെ പ്രതീക്ഷകളെയാണ് അവര്‍ വാര്‍ത്തെടുക്കുന്നത്. ഈ അദ്ധ്യാപക ദിനത്തില്‍ അദ്ധ്യാപക സമൂഹത്തോട് നമുക്ക് നന്ദി പറയാം. കൂടുതല്‍ പ്രചോദിതരായി ഈ നാടിനു വേണ്ടി കൂടുതല്‍ കരുത്തോടെ അദ്ധ്യാപകര്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

https://www.facebook.com/PinarayiVijayan/posts/3349944098430730

shortlink

Related Articles

Post Your Comments

Related Articles


Back to top button