കൊച്ചി : മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി വിവരങ്ങള്‍ ചോര്‍ന്നത് കസ്റ്റംസ് ഉദ്യോഗസ്ഥനിലൂടെ . ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം. ഉദ്യോഗസ്ഥന് സ്വന്തം ഫോണില്‍ പകര്‍ത്തിയ മൊഴി ഭാര്യയുടെ ഫോണിലൂടെ പുറത്തേക്ക് അയയ്ക്കുകയായിരുന്നു എന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. മൊഴി ചോര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവിന് ഇതില്‍ പങ്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഐബി കസ്റ്റംസ് കമ്മിഷണര്‍ക്ക് കൈമാറി. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
എന്‍.എസ്. ദേവിന്റെ പ്രത്യേക ആവശ്യത്തില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഐബിയോട് ഇതു സംബന്ധിച്ച അന്വേഷണം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ ഫയല്‍ വിശദമായ ഡിജിറ്റല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയാണു ചോര്‍ത്തിയതു സംബന്ധിച്ച വിവരങ്ങളിലേയ്ക്ക് ഐബി എത്തിയത്. രേഖ പകര്‍ത്തുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ക്യാമറ, ഇതു പുറത്തേക്ക് അയയ്ക്കുന്നതിന് ഉപയോഗിച്ച ഫോണ്‍, ഐഎംഇ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തിയാണ് ഫോണ്‍ ചോര്‍ത്തിയതിന്റെ ഉത്തരവാദിയിലേയ്ക്ക് ഐബി എത്തിയത്.
സ്വപ്നയെ ചോദ്യം ചെയ്ത ദിവസം തയാറാക്കിയ റിപ്പോര്‍ട്ട് അന്നു തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥന് തന്റെ ഫോണിലേയ്ക്കു പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഭാര്യയുടെ ഫോണിലേയ്ക്ക് അയയ്ക്കുകയും അതില്‍ നിന്ന് ഇന്റര്‍നെറ്റ് ഉപയോഗിച്ച് പുറത്തേക്ക് അയയ്ക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നയുടെ മൊഴിയെടുക്കുന്നതിന് കസ്റ്റംസ് നിയോഗിച്ചത് മൂന്നംഗ സംഘത്തെയായിരുന്നു. ഇതില്‍ രണ്ടു പേര് പുരുഷന്മാരും ഒരു വനിതയുമായിരുന്നു. ഇവരില്‍ മൊഴിയെടുക്കലിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥനാണ് കുറ്റക്കാരനെന്നാണ് കണ്ടെത്തല്‍.
കൃത്യമായ ഉദ്ദേശത്തോടെയായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മറ്റ് മൊഴി ഭാഗങ്ങള്‍ ഒഴിവാക്കി അനില്‍ നമ്പ്യാര്‍ക്കെതിരായ വിവരങ്ങള്‍ മാത്രം ചോര്‍ന്നത് നേരത്തെ തന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ഇടതു താല്പര്യമുള്ള ഉദ്യോഗസ്ഥര്‍ ആരെങ്കിലും ആയിരിക്കും ചോര്‍ത്തലിനു പിന്നിലെന്നും സംശയം ഉയര്‍ന്നിരുന്നു. ഈ നിഗമനങ്ങളെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന് ഇപ്പോള്‍ ലഭിച്ചരിക്കുന്നത്. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും എന്നാണ് വിവരം.
Post Your Comments