മോസ്‌കോ: റഷ്യയുടെ ‘ സ്പുട്‌നിക്-അഞ്ച് ‘ കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത എല്ലാവർക്കും രോഗപ്രതിരോധശേഷി ഉണ്ടായതായി പഠനറിപ്പോർട്ട്. ലാന്‍സെറ്റ് മെഡിക്കല്‍ ജേർണലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ എല്ലാവരിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ഇവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. വാക്‌സിനുകളുടെ ദീര്‍ഘകാല സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആവശ്യമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ഘട്ടങ്ങളിലായി 42 ദിവസം നീണ്ടുനിന്ന പരീക്ഷണത്തില്‍ പങ്കെടുത്ത ആരിലും ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടായില്ലെന്നും ഇവരില്‍ ആന്റിബോധി പ്രതികരണം ഉണ്ടായെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേ സമയം ചില വിദഗ്ധര്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിന്‍ കുത്തിവെയ്ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം.
Post Your Comments