കേന്ദ്ര സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ സംഭവം ഉയർത്തിക്കാട്ടി സിപിഎം നേതാവ് എംബി രാജേഷ്. ഈ വാർത്ത മാധ്യമങ്ങളുടെ പ്രൈം ടൈം ചർച്ചയാകാൻ ഒട്ടും സാധ്യതയില്ലെന്നും രാജേഷ് കുറ്റപ്പെടുത്തുന്നു. ഫേസ്‍ബുക്ക് കുറിപ്പിലൂടെയാണ് എംബി രാജേഷ് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………………………..
ജനങ്ങൾ അറിയാൻ പാടില്ലാത്ത വാർത്തകളോ?!
ഇത് ഏതെങ്കിലും ചാനലിൻ്റെ പ്രൈം ടൈം ചർച്ചയുടെ വിഷയമാകുമോ? ഒട്ടും സാദ്ധ്യതയില്ല. ഇന്നലെ കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവാണിത്. ചെലവ് ചുരുക്കലിൻ്റെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നിരോധനം എല്ലാ തലങ്ങളിലും ഏർപ്പെടുത്തിക്കൊണ്ടുള്ളതാണിത്. എട്ടു ലക്ഷം ഒഴിവുകൾ കേന്ദ്ര സർവ്വീസിൽ നികത്താതെ കിടക്കുമ്പോഴാണീ പുതിയ നിരോധന ഉത്തരവ്. എന്നാൽ ഈ തിരുവോണത്തലേന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 1000 തസ്തിക അധികം സൃഷ്ടിക്കുമെന്നാണ്. നാല് വർഷം കൊണ്ട് 16000 തസ്തിക അധികം സൃഷ്ടിച്ചതിന് പുറമേയാണിത്. ഇതാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള വ്യത്യാസം.
1. എട്ടു ലക്ഷം ഒഴിവ് നികത്താത്തതിനെക്കുറിച്ച് ചർച്ചയോ പരമ്പരയോ ഉണ്ടായോ? കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ വല്ലതുമുണ്ടായോ?
2 .2019 ഡിസംബർ 12ന് RRB ഫലപ്രഖ്യാപനം നടത്തിയ ALP തസ്തികകൾ 64371. ഒൻപത് മാസമായി ഒരൊറ്റ നിയമനം നടത്തിയിട്ടില്ല. വാർത്ത യോ പരാതിയോ ചർച്ചയോ ഉണ്ടായോ?
3. RRB ഗ്രൂപ്പ് ഡി തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് 2019 ഫെബ്രുവരി 23. ഒഴിവുകളുടെ എണ്ണം 1,03,769. ഇതിലേക്കുള്ള അപേക്ഷകർ എത്രയാണെന്നറിയാമോ? ഒരു കോടി പതിനാറു ലക്ഷം! അപേക്ഷാ ഫീസായി കേന്ദ്രം പിരിച്ചത് 500 കോടി. 18 മാസമായി പരീക്ഷ നടത്താൻ പോലും തയ്യാറായിട്ടില്ല. ഒരു വരി വാർത്ത കണ്ടിട്ടുണ്ടോ?
4..ഇനി RRB NTPC: വിജ്ഞാപനം ഫെബ്രുവരി 28, 2019. ഒഴിവുകൾ 35277. അപേക്ഷകർ 1.26 കോടി. 500 കോടിയിലേറെ ഫീസിനത്തിൽ പിരിച്ചു. 18 മാസമായി പരീക്ഷയുടെ പൊടിപോലുമില്ല. ആരെങ്കിലും വാർത്ത ബ്രേക്ക് ചെയ്തോ?
5. SS C CGL വിജ്ഞാപനം 2018ൽ.ഡിസംബർ 2019 ൽ പരീക്ഷ. ഒഴിവുകൾ 11000. മാസം 9 കഴിഞ്ഞു. അന്തിമ ഫലം ഇതു വരെ പ്രസിദ്ധീകരിച്ചില്ല. എന്തേ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം ഇതൊന്നും കണ്ടില്ല?
ഇതിനിടയിലാണ് ഇന്നലത്തെ തസ്തിക സൃഷ്ടിക്കൽ നിരോധനം കൂടി ഉണ്ടാകുന്നത്. ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കാത്ത മാദ്ധ്യമങ്ങളാണ് ഒപ്പിൻ്റെ പേരിൽ പ്രേക്ഷകരെ ഒപ്പിക്കാനും 1.34 ലക്ഷം നിയമനം നടത്തിയ സംസ്ഥാന സർക്കാരിനെതിരെ അപവാദപരമ്പര തീർക്കാനും മുന്നിൽ നിൽക്കുന്നത്. അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ വീമ്പിളക്കിയ മാന്യ പത്രാധിപരോടാണ്. മുകളിൽ പറഞ്ഞ ഒരൊറ്റ ചോദ്യവും ചോദിക്കാൻ നിങ്ങൾക്ക് കെല്പില്ലാത്തത് എന്തുകൊണ്ട്? ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിൻ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്.? ഇഷ്ടക്കാരെ മാത്രം ഒപ്പമിരുത്തി പരദൂഷണ ഹവറുകളിൽ ഇടതുപക്ഷത്തെ പുലഭ്യം പറയുന്നതു പോലെയല്ല. ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാൽ ജനം രാജ്യത്തെ യാഥാർത്ഥ്യമറിയും. അത് യജമാനനും യജമാനൻ്റെ യജമാനൻമാർക്കും രസിക്കില്ല. ഈ ചോദ്യങ്ങൾ എല്ലാ മലയാളമാദ്ധ്യമങ്ങൾക്കും ഉത്തരം പറയാൻ ബാദ്ധ്യതയുള്ളതാണ്. നിങ്ങൾക്ക് ഒരുത്തരവും ഉണ്ടാവില്ല. ശരിയായ ഒരു ചോദ്യവും നിങ്ങളുടെ നാവിൽ നിന്ന് ഉയരുകയുമില്ല.
Post Your Comments