കോട്ടയം : ബൈബിൾ വാക്യ ചാറ്റിംഗ് നടത്തിയ സുവിശേഷകന് നഷ്ടമായത് 29,000 രൂപ. വീണ്ടും ഇത്തരത്തിൽ സുവിശേഷനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതോടെയാണ് സംസ്ഥാനത്ത് പലയിടത്തും ബൈബിൾ വാക്യ ചാറ്റിംഗിലൂടെ പണം നഷ്ടമായവർ നിരവധി പേരുണ്ടെന്ന വിവരം പുറത്തറിയുന്നത്. ഇക്കൂട്ടത്തിൽ ചില സന്നദ്ധസംഘടനാ പ്രവർത്തകരുമുണ്ട്. മാനക്കേട് ഭയന്ന് പലരും കബളിപ്പിക്കപ്പെട്ട വിവരം പുറത്ത് പറഞ്ഞിട്ടില്ല. കേസ് കൊടുക്കാനും തയാറായിട്ടില്ല.
കഴിഞ്ഞദിവസം കോട്ടയത്ത് വടവാതൂർ സ്വദേശിയായ സുവിശേഷകനാണ് പണം നഷ്ടമായത്. ഇംഗ്ലണ്ടിൽ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഫോൺ. തുടർന്ന് ബന്ധം സ്ഥാപിച്ചശേഷം ചാറ്റിംഗ് ആരംഭിച്ചു. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ചാറ്റിംഗും ഫോൺ സംഭാഷണങ്ങളും. കോവിഡ് കാലത്ത് നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും ഞങ്ങളുടെ ബിഷപ്പിന് ഈ പ്രവർത്തനങ്ങളിൽ നിങ്ങളെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഇതോടെ സുവിശേഷകന് സന്തോഷമായി. ബൈബിൾ, ഐഫോൺ, ലാപ്ടോപ്പ്, ഗോൾഡ് വാച്ച്, സ്വർണാഭരണങ്ങൾ, പൗണ്ട് എന്നിവ സമ്മാനമായി നല്കാൻ ബിഷപ്പ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് ഏറ്റുവാങ്ങാൻ സന്നദ്ധനാണെങ്കിൽ അയച്ചുതരുമെന്നും പറഞ്ഞു.
പിറ്റേദിവസം വീണ്ടും വിളിച്ച് പാസ്റ്ററുടെ വിലാസത്തിൽ ഇന്ത്യയിലേക്ക് സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇതോടൊപ്പം കൊറിയർ സർവീസിന്റെ വേ ബില്ലിന്റെയും അയച്ച സാധനങ്ങളുടെയും ചിത്രങ്ങളും വാട്ട്സാപ്പിൽ അയച്ചുകൊടുത്തു. അടുത്ത ദിവസം സാധനങ്ങൾ ഡൽഹിയിൽ എത്തുമെന്നും അവിടെനിന്നും വിളിക്കാമെന്നും സർവീസ് ചാർജ്ജായി 29,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു.
തുടർന്ന് അമ്മയുടെ മാല പണയപ്പെടുത്തി സുവിശേഷകൻ അവർ നല്കിയ ബാങ്ക് അക്കൗണ്ടിൽ പണം അടയ്ക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം വീണ്ടും വിളിച്ച് ജി.എസ്.ടി ഇനത്തിൽ 89,000 രൂപ കൂടി അടയ്ക്കണമെന്ന് പറഞ്ഞതോടെയാണ് സുവിശേഷകന് സംശയമായി. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. ഇതേ രീതിയിൽ പലരേയും കബളിപ്പിച്ചതായാണ് അറിയുന്നത്. സുവിശേഷകരുടെ പ്രവർത്തനങ്ങളും സാമ്പത്തികനിലയും മനസിലാക്കിക്കഴിഞ്ഞാണ് ഇവർ തട്ടിപ്പിന് സംഘം കളം ഒരുക്കുന്നത്.
Post Your Comments