വീണ്ടുമൊരു അദ്ധ്യാപക ദിനം വരവായി. 1961 മുതൽ സെപ്റ്റംബർ 5ന് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആഘോഷിച്ച് വരുന്നു. ഭാരതം എക്കാലവും ആദരിയ്ക്കുന്ന പ്രമുഖ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനവുമാണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അധ്യാപകരുടെ അർപ്പണബോധവും, സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയിൽ നിന്നുമാണ് അദ്ധ്യാപക ദിനം എന്ന ആശയം ഉയർന്നു വന്നത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുന്നതിനും, അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിനായി അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നു.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ട്. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തിവരുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം സംരംഭങ്ങൾ. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാണ്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിക്കുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നത്.
Post Your Comments