ന്യൂഡല്‍ഹി അപ്രതീക്ഷിതമായ ഒരു തിരിച്ചടിയാണ് ഇന്ത്യ ചൈനയ്ക്ക് നല്‍കിയത്. ഓഗസ്റ്റ് 28 ന് രാത്രിയിലാണ് കിഴക്കന്‍ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാന്‍ ശ്രമിച്ചത്. പക്ഷേ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികരെ കാത്തിരുന്നത് അപ്രതീക്ഷിത ചെറുത്തുനില്‍പായിരുന്നു. തിരിച്ചടി ശക്തമായിരുന്നു. ഇന്ത്യന്‍ സൈന്യം കടന്നുകയറ്റക്കാരെ തുരത്തിയെന്നു മാത്രമല്ല, യഥാര്‍ഥ നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ ചില മേഖലകള്‍ തിരിച്ചു പിടിക്കുകയും ചെയ്തു. ഈ ദൗത്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം പങ്കെടുത്തത് വികാസ് ബറ്റാലിയന്‍ എന്നും വിളിക്കപ്പെടുന്ന സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് (എസ്എഫ്എഫ്) ആണ്. ഇന്ത്യയുടെ ഏറ്റവും ‘നിഗൂഢമായ’ സേനാവിഭാഗമെന്ന വിശേഷണമുള്ള പോരാളികളാണ് വികാസ് ബറ്റാലിയന്‍
Read Also : ഇന്ത്യ തെറ്റുകള്‍ തിരുത്തണം ; ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിനെതിരെ എതിര്‍പ്പുമായി ചൈന
1962 ലെ ഇന്ത്യ – ചൈന യുദ്ധത്തെത്തുടര്‍ന്നാണ് എസ്എഫ്എഫ് രൂപീകൃതമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് എസ്എഫ്എഫ് രൂപീകരിച്ചത്. 1962 നവംബര്‍ 14ന് ചൈനീസ് സേന അതിര്‍ത്തി കടന്നു മുന്നേറുമ്പോഴാണ് (ഔദ്യോഗികമായി ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് 1962 നവംബര്‍ 21നാണ്) നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇങ്ങനൊരു സേനാ വിഭാഗത്തെ രൂപപ്പെടുത്തുന്നത്.
1959 ല്‍ ദലൈ ലാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റന്‍ അഭയാര്‍ഥികളില്‍പെട്ട ഖാംപ സമുദായക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. യുഎസ്എയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ആദ്യകാലത്ത് ഈ സൈനികര്‍ക്കു പരിശീലനം നല്‍കിയിരുന്നെങ്കിലും പിന്നീട് യുഎസും ചൈനയുമായി അടുത്തപ്പോള്‍ പിന്മാറിയിരുന്നു. ഇന്ന് ഗൂര്‍ഖകളും വികാസ് ബറ്റാലിയന്റെ ഭാഗമാണ്.
Post Your Comments