കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ആഫ്രിക്കന്‍ ബന്ധത്തിനു പിന്നില്‍ ബംഗളൂരു ലഹരിവേട്ടയില്‍ പിടിയിലായ കര്‍ണാടക സീരിയല്‍- ടി.വി. താരത്തിന്റെ ആഫ്രിക്കക്കാരനായ ഭര്‍ത്താവെന്ന് സൂചന.
ഇയാളും രാജ്യാന്തര സ്വര്‍ണക്കടത്ത്- ലഹരിമരുന്നു കടത്തിലെ മുഖ്യകണ്ണിയാണെന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കു വിവരം ലഭിച്ചു. സ്വര്‍ണക്കടത്തു സംഘത്തിലെ പലര്‍ക്കും ഇയാളുമായി ബന്ധമുണ്ട്. ഇയാള്‍ വഴി ആഫ്രിക്കയില്‍നിന്നും കടത്തിയ സ്വര്‍ണമാണ് ദുബായ് വഴി കൊണ്ടുവന്നതെന്നാണു നിഗമനം. വിശദാംശങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് അന്വേഷിച്ചുവരികയാണ്.
ബംഗളുരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്നാണു കഴിഞ്ഞമാസം ആദ്യവാരം 145 എഡിഎം ലഹരിഗുളികകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ റെയ്‌ഡില്‍ നടിയുടെ വീട്ടില്‍ നിന്നു വന്‍ ലഹരിമരുന്നു ശേഖരം പിടികൂടിയിരുന്നു. നടിക്കൊപ്പം ലഹരിക്കടത്തില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കെ.ടി. റമീസുമായി അടുത്തബന്ധമാണ്. റമീസിനെ ആഫ്രിക്കന്‍ സ്വര്‍ണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അനൂപാണെന്നു സംശയിക്കുന്നു.
Post Your Comments