പാകിസ്ഥാനിൽ ടിന്റർ ഉൾപ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി. അവിഹിതവും അസഭ്യവുമാണെന്ന് ആരോപിച്ചാണ് ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേ കാരണങ്ങളാൽ യുട്യൂബ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഡേറ്റിംഗ് ആപ്പുകൾ പൂട്ടിയുള്ള നടപടി.
പാകിസ്ഥാന്റെ നിയമങ്ങൾക്ക് അനുസരിച്ച് ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ടിന്റർ, ഗ്രിന്റർ, സേ ഹൈ, ടാഗ്ഡ്, സ്കൂട് എന്നീ സോഷ്യൽ നെറ്റ് വർക്കിംഗ് ആപ്പുകളാണ് പാകിസ്ഥാൻ ടെലി കമ്യൂണിക്കേഷൻ അതോറിറ്റി നിരോധിച്ചത്. സഭ്യമല്ലാത്തതും അവിഹിതവുമായ ഉള്ളടക്കങ്ങളുടെ പ്രതികൂലഘടകങ്ങളെക്കുറിച്ചും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പിടിഎ പറഞ്ഞു.
അതേസമയം, പാകിസ്ഥാൻ ടെലി കമ്യൂണിക്കേഷൻ അതോറിറ്റിയുടെ നടപടിക്കെതിരെ നിരവധി പേർ രംഗത്തുവന്നു. ഇത് പിടിഎയുടെ ‘സദാചാര പൊലീസ്’ ആണെന്ന് ഡിജിറ്റൽ റൈറ്റ്സ് കൂട്ടമായ ബൈറ്റ്സ് ഫോർ ആളിന്റെ ഷഹ്സാദ് അഹ്മദ് പറഞ്ഞു.
‘പ്രായപൂർത്തിയായവർ ഉപയോഗിക്കാൻ ഒരു ആപ്പ് തിരഞ്ഞെടുക്കുമ്പോൾ അത് ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജ്യമല്ല’ – അഹ്മദ് പറഞ്ഞു. ഇത് തികച്ചും പരിഹാസ്യമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും നിരോധനത്തെ ട്വിറ്റർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തെ വിവാഹിതരായ പുരുഷൻമാരെക്കുറിച്ചാണ് ഏറെ പേരും ആകുലപ്പെടുന്നത്. അതേസമയം, നിരോധനത്തിൽ ടിന്റർ ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം ആക്ഷേപകരമെന്ന് കരുതുന്ന എല്ലാ വീഡിയോകളും രാജ്യത്തെ പൗരൻമാർക്ക് ലഭിക്കുന്നത് തടയണമെന്ന് കഴിഞ്ഞയാഴ്ച യുട്യൂബിന് പിടിഎ നിർദ്ദേശം നൽകിയിരുന്നു. ജൂലൈ മാസത്തിൽ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അശ്ലീല ഉള്ളടക്കം ഉണ്ടെങ്കിൽ അത് ഫിൽട്ടർ ചെയ്യണമെന്ന് ആയിരുന്നു നിർദ്ദേശം.
Post Your Comments