Latest NewsKeralaNews

കഫീല്‍ ഖാനെ വിട്ടയച്ച വാര്‍ത്ത വായിച്ചപ്പൊ ആദ്യമുണ്ടായ സന്തോഷം അടുത്ത വാര്‍ത്തയില്‍ കെട്ടടങ്ങിയിരുന്നു ; നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം ; ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനെ ഇന്നലെ പുലര്‍ച്ചയോടെയാണ് മഥുര ജയിലില്‍ നിന്ന് മോചിതനാക്കിയത്. എന്നാല്‍ കഫീല്‍ ഖാനെ വിട്ടയച്ച വാര്‍ത്ത വായിച്ചപ്പൊ ആദ്യമുണ്ടായ സന്തോഷം അടുത്ത വാര്‍ത്തയില്‍ കെട്ടടങ്ങിയിരുന്നുവെന്ന് ഡോ.നെല്‍സണ്‍ ജോസഫ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട കഫീല്‍ ഖാന് അലഹാബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ അദ്ദേഹം ജയില്‍ മോചിതനായ ശേഷം പറഞ്ഞ വാക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

‘ എന്റെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വ്യക്തമാക്കി ഉത്തരവ് നല്‍കിയ ജൂഡീഷ്യറിയോട് എനിക്ക് നന്ദിയുണ്ട്. അവസാനമായി മുംബൈയില്‍ നിന്ന് മഥുരയിലേക്ക് കൊണ്ടുപോകും വഴി എന്നെ ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന് പ്രത്യേക സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) നോടും നന്ദിയുണ്ട് എന്നായിരുന്നു കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി എത്തിയ ശേഷം പറഞ്ഞത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് നെല്‍സണ്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഡിസംബറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ജയിലില്‍ കഴിയേണ്ടിവരിക.അതും കുറ്റക്കാരനല്ലാത്ത, ഒരിക്കല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഓടിനടന്ന ഒരു ഡോക്ടര്‍ക്ക്. ആ പ്രസംഗത്തില്‍ അക്രമമോ വിദ്വേഷമോ അല്ലായിരുന്നെന്നും ദേശീയ ഐക്യത്തിനുള്ള ആഹ്വാനമായിരുന്നെന്നും കൂടി വായിക്കുമ്പൊ പൂര്‍ണ്ണമാവുന്നു എന്ന് നെല്‍സണ്‍ കുറിക്കുന്നു.

അതിനപ്പുറത്തുള്ളത് കഫീല്‍ ഖാന്‍ പറഞ്ഞ വാക്കുകളായിരുന്നു. ഉത്തര്‍ പ്രദേശ് എസ്ടിഎഫിന് നന്ദി പറയുന്നു, എന്‍കൗണ്ടറില്‍ കൊല്ലാതെ വിട്ടതിന് എന്ന്. ആ വാക്കുകള്‍ അതിശയോക്തിയായി തോന്നാത്ത ഒരു കാലം എത്ര ഭീകരമാണെന്ന് തിരിച്ചറിയുമ്പൊ ഒരു ഞെട്ടലാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ഡിസംബറില്‍ സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സര്‍വകലാശാലയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിലാണ് മുംബൈയില്‍ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്. കഫീല്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാന്‍ ഓക്സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായിരുന്നു. ഈ കേസില്‍ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലില്‍ അടിച്ചിരുന്നു.

നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കഫീല്‍ ഖാനെ വിട്ടയച്ച വാര്‍ത്ത വായിച്ചപ്പൊ ആദ്യമുണ്ടായ സന്തോഷം അടുത്ത വാര്‍ത്തയില്‍ കെട്ടടങ്ങിയിരുന്നു.
ഡിസംബറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ജയിലില്‍ കഴിയേണ്ടിവരിക.
അതും കുറ്റക്കാരനല്ലാത്ത, ഒരിക്കല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഓടിനടന്ന ഒരു ഡോക്ടര്‍ക്ക്.
ആ പ്രസംഗത്തില്‍ അക്രമമോ വിദ്വേഷമോ അല്ലായിരുന്നെന്നും ദേശീയ ഐക്യത്തിനുള്ള ആഹ്വാനമായിരുന്നെന്നും കൂടി വായിക്കുമ്പൊ പൂര്‍ണ്ണമാവുന്നു.
അതിനപ്പുറത്തുള്ളത് കഫീല്‍ ഖാന്‍ പറഞ്ഞ വാക്കുകളായിരുന്നു.
ഉത്തര്‍ പ്രദേശ് STF ന് നന്ദി പറയുന്നു, എന്‍കൗണ്ടറില്‍ കൊല്ലാതെ വിട്ടതിന് എന്ന്.
ആ വാക്കുകള്‍ അതിശയോക്തിയായി തോന്നാത്ത ഒരു കാലം എത്ര ഭീകരമാണെന്ന് തിരിച്ചറിയുമ്പൊ ഒരു ഞെട്ടലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button