തിരുവനന്തപുരം: ജില്ലയിൽ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കന്യാകുളങ്ങരയിലെ കോണ്‍ഗ്രസ് ഓഫീസ് ഇന്നലെ ഡി.വൈ.എഫ്.ഐ കല്ലെറിഞ്ഞു തകര്‍ത്തു. കൊല്ലപ്പെട്ട. മിഥിലാജിന്‍റെ മൃതദേഹവുമായി പ്രവര്‍ത്തകര്‍ വെമ്പായത്ത് എത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് ഓഫീസ് ആക്രമിച്ച സംഘം ഓഫീസ് കത്തിക്കുകയും ചെയ്തു.കൊലപാതകത്തിന് പിന്നാലെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു.
വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് രമണി പി നായരുടെ വീടിന് നേരെ അതിക്രമമുണ്ടായി. ബൈക്കിലെത്തിയ സംഘം ചെടിച്ചട്ടികളും വീടിന്‍റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു.കാട്ടാക്കടയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ് നടന്നു. ഇതില്‍ പ്രതിഷേധിച്ച് പൂവച്ചല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. വട്ടിയൂര്‍ക്കാവിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു
കോഴിക്കോട് നാദാപുരത്തും കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബ് ആക്രമണം. കല്ലാച്ചി കോര്‍ട്ട് റോഡിലെ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കെട്ടിടത്തിന്‍റെ ജനലുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു.
Post Your Comments