ബീജിങ്: ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് കടന്നു കയറിയെന്ന ആരോപണവുമായി ചൈനീസ് ആര്‍മി. അനധികൃതമായി അതിര്‍ത്തി ഭേദിച്ച സൈനിക എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് സൈനിക വക്താവ് അറിയിച്ചു. തങ്ങളുടെ സൈന്യം ഒരിക്കലും അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ നേരത്തേയും രംഗത്തെത്തിയിരുന്നു.
ചൈനീസ് സൈന്യം അതിര്‍ത്തി ലംഘനം നടത്താന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. സംഘര്‍ഷ സാധ്യത ലഘൂകരിക്കാന്‍ ഇന്ത്യ നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ചൈന പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്രാദേശിക പരമാധികാരം സംരക്ഷിക്കുമെന്നും ചൈനീസ് സൈനിക വക്താവ് പറഞ്ഞു.
അതേസമയം, നേരത്തെയും ഇരു സൈന്യവും തമ്മില്‍ മുഖാമുഖം വന്ന പാന്‍ഗോങ് തടാകത്തിന് സമീപമായിരുന്നു ചൈനീസ് സൈന്യത്തിന്‍റെ പ്രകോപനം. ശനിയാഴ്ച രാത്രി മേഖലയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ചൈനീസ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്ന് ശ്രമം നടന്നെന്നും ഇന്ത്യന്‍ സൈന്യം അതിനെ പ്രതിരോധിച്ചെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.മേഖലയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
200ഓളം ചൈനീസ് സൈനികരാണ് സമാധാന ഭംഗത്തിന് ശ്രമിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാന്‍ഗോങ് തടാകത്തിന്റെ തെക്കന്‍തീരത്താണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്.
Post Your Comments