KeralaLatest NewsNews

സംവിധായകന്‍ വാഹനാപകടത്തില്‍ മരിച്ചു : അപകടം കലാഭവന്‍ മണിയുടെ വസതിയില്‍ വച്ച് പോസ്റ്റര്‍ റിലീസ് ചെയ്ത് മടങ്ങും വഴി

കൊച്ചി • നടനും ഹ്രസ്വ ചിത്ര സംവിധായകനുമായ സലീഷ് വെട്ടിയാട്ടില്‍ (40) അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. തന്റെ പുതിയ ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വസതിയില്‍ വച്ച് നടത്തിയ ശേഷം മടങ്ങവേയാണ് അപകടം. ചിത്രം യു ട്യൂബില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ്‌ മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്.

സലീഷ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ദേശീയപാത അങ്കമാലി ടെല്‍ക്കിന് സമീപം റെയില്‍വെ മേല്‍പ്പാലം ഇരുമ്പ് കൈവരിയില്‍ ഇടിച്ച് കയറുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 1.55നായിരുന്നു അപകടം. തകര്‍ന്ന കാറില്‍ നിന്ന് അഗ്നി രക്ഷാസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് സലീഷിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സലീഷ് സംവിധാനം ചെയ്ത ‘ലോക്ക് ഡൗണായ ഓണം’ പോസ്റ്റര്‍ കലാഭവന്‍ മണിയുടെ രാമന്‍ സ്മാരക കലാഗൃഹത്തിലാണ് ഉച്ചയോടെ റിലീസ് ചെയ്തത്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ജൂബില്‍ രാജന്‍ പി. ദേവും ചേര്‍ന്നാണ് റിലീസ് ചെയ്തത്. തുടര്‍ന്ന് വൈകിട്ട് 7 മണിക്ക് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യാനിരിക്കെയാണ് അപകടം സംഭവിച്ചത്.

സലീഷ് സംവിധാനം ചെയ്ത പേരിടാത്ത സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിനെ തുടര്‍ന്ന് നിറുത്തിവച്ചിരിക്കുകയാണ്. ഏതാനും ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യം റിലീസ് ചെയ്യുന്നത് ലോക്ക് ഡൗണായ ഓണമാണ്.

ചാലക്കുടി വെള്ളമുക്ക് സ്വദേശിയായ സലീഷ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ : അബിത. മക്കള്‍ : ദേവിക, അഭിരാജ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button