ബംഗളൂരു: രണ്ടുവയസുകാരനായ ചെറുമകനെ ക്രൂരമായി മർദ്ദിക്കുകയും പൊള്ളളലേൽപ്പിക്കുകയും ചെയ്ത അമ്മൂമ്മ അറസ്റ്റിൽ. ബംഗളൂരു സുധഗുണ്ടെ പാല്യ മേഖലയിലാണ് സംഭവം. അമ്മൂമ്മയുടെ അതിക്രമത്തിൽ പരിക്കേറ്റ കുഞ്ഞ് ബംഗളൂരുവിലെ ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാവിന്‍റെ അമ്മ മുബ്ബഷിറയെ പൊലീസ് അറസ്റ്റ് ചെയ്തു.
ദിവസവേതനത്തിന് ജോലി ചെയ്യുന്ന ആളാണ് കുട്ടിയുടെ അമ്മ ഹാജിറ. ഇവർ പ്രസവത്തിനായാണ് സുധഗുണ്ടെ പാല്യയിലുള്ള സ്വന്തം വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രണ്ടുവയസുകാരനായ മകനെയും ഒപ്പം കൂട്ടിയിരുന്നു. നാല് മക്കളുള്ള ഹാജിറ മറ്റ് മൂന്ന് മക്കളെയും ഭർത്താവായ ഇർഫാദിനൊപ്പം ആക്കിയ ശേഷമാണ് ഇളയകുട്ടിയുമായി പ്രസവത്തിന് വീട്ടിലെത്തിയത്. ഇരുപത് ദിവസം മുമ്പ് ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇവർ പ്രസവത്തെ തുടർന്ന് വിശ്രമത്തിൽ തുടരവെയാണ് രണ്ടുവയസുകാരനോട് മുത്തശ്ശിയുടെ ക്രൂരത.ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി പിതാവിനെ തിരക്കി കരയാൻ തുടങ്ങി.
ഇതാണ് മുബ്ബഷിറയെ ദേഷ്യം പിടിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കുട്ടിയുടെ കരച്ചിൽ സഹിക്കവയ്യാതായതോടെ ഇവർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചു. മെഴുകുതിരി ഉപയോഗിച്ച് മുഖത്തുൾപ്പെടെ പൊള്ളിക്കുകയും ചെയ്തു. കരച്ചിൽ ഉച്ചത്തിലായതോടെ വായിൽ ടേപ്പ് ഒട്ടിച്ച ശേഷം മർദ്ദനം തുടർന്നുവെന്നാണ് പറയപ്പെടുന്നത്. അബോധാവസ്ഥയിലായ കുഞ്ഞിനെ കണ്ട മാതാവ് ഹാജിറ ഭർത്താവിനെ വിളിച്ചു വരുത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിലും പൊള്ളലേറ്റ പാടുകളുണ്ട്.
Post Your Comments