മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ്, ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്, വെയർഹൗസിങ് ബിസിനസുകൾ ഏറ്റെടുത്തു. 24,713 കോടി രൂപയ്ക്കാണു വാങ്ങിയത്.
രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ, വസ്ത്രവ്യാപാര ശൃംഖല ബ്രാൻഡ് ഫാക്ടറി, ഭക്ഷ്യശാല ശ്യംഖല ഫുഡ്ഹാൾ എന്നിവ അടക്കം ഫ്യൂച്ചർ ഗ്രൂപ്പിന്റെ വിവിധ വ്യാപാരസ്ഥാപനങ്ങളാണു റിലയൻസ് റീട്ടെയിലിന്റെ ഭാഗമാകുക. ജിയോ മാര്‍ട്ട് എന്ന ബ്രാന്‍റിലൂടെ ഇന്ത്യന്‍ ചെറുകിട വ്യാപര രംഗത്തേക്ക് ചുവടുവയ്ക്കുന്ന റിലയന്‍സിന്‍റെ ഏറ്റവും വലിയ നീക്കമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ പ്രശസ്തമായ ബ്രാന്‍റുകളെ സ്വന്തമാക്കാന്‍ സാധിക്കുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പ്രതികരിച്ചത്.
ഫ്യൂച്ചറിന്റെ കടബാധ്യതകൾ റിലയൻസ് അടച്ചുതീർക്കും. ബാക്കിത്തുക ഫ്യൂച്ചർ ഗ്രൂപ്പ് ഉടമ കിഷോർ ബിയാനിക്കു പണമായി നൽകും. ഈ പദ്ധതിയുടെ ഭാഗമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര സംരംഭങ്ങളെല്ലാം റിയലൻസ് റീട്ടെയിൽ ആൻഡ് ഫാഷൻ ലൈഫ് സ്റ്റൈൽ ലിമിറ്റഡിൽ ലയിക്കും. ലോജിസ്റ്റിക്സ്, വെയർഹൗസിങ് സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ഏറ്റെടുക്കും.
കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതോടെയാണു 3 ദശകം കൊണ്ട് കിഷോർ ബിയാനി കെട്ടിപ്പടുത്ത ബിഗ് ബസാർ അടക്കം വ്യാപാര സ്ഥാപനങ്ങൾ റിലയൻസിനു കൈമാറാൻ തീരുമാനിച്ചത്.
Post Your Comments