ബംഗളൂരു : മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് കർഷകനായ പിതാവ് വിറ്റു. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം നടന്നത്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികൾക്കാണ് മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പിതാവിനായി തെരച്ചിൽ നടക്കുകയാണ്.
ബംഗളൂരുവിൽ നിന്ന് 70കിലോമീറ്റർ അകലെയുള്ള ചിന്താമണി താലൂക്കിലെ തിനക്കൽ ഗ്രാമത്തിലാണ് കുട്ടിയുടെ മാതാപിതാക്കൾ കഴിയുന്നത്. വില്‍പ്പനയെ കുറിച്ച് രഹസ്യവിവരം ലഭിച്ച അധികൃതർ ഇവിടെയെത്തി കുട്ടിയുടെ മാതാവ് ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ കുഞ്ഞിന്‍റെ പിതാവിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇതെന്ന് വ്യക്തമായി. ആഢംബര ജീവിതം നയിക്കാൻ താത്പര്യം ഉള്ളയാൾ ധൂർത്തനുമായിരുന്നുവെന്ന് ഗ്രാമവാസികൾ അറിയിച്ചു. ഇതേ ആഢംബര ജീവിതം തുടരാൻ തന്നെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന.
കുഞ്ഞിനെ കൈമാറി ലഭിച്ച ഒരുലക്ഷം രൂപയിൽ നിന്ന് 50000 രൂപയ്ക്ക് ഇയാൾ ബൈക്ക് വാങ്ങി. 15000 രൂപ സ്മാർട്ട് ഫോൺ വാങ്ങാനും ചിലവഴിച്ചുവെന്നാണ് പറയപ്പെടുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ മുതൽ തന്നെ അതിനെ വിൽക്കാനുള്ള പദ്ധതികൾ മാതാപിതാക്കൾ ആരംഭിച്ചിരുന്നു എന്നാൽ ആശുപത്രി അധികൃതർ അതീവ ജാഗ്രത പുലർത്തിയിരുന്നതിനാൽ അവിടെ വച്ച് വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
പിന്നാലെ ഇവരുടെ പദ്ധതി അറിയാവുന്ന ഒരാൾ ഇടനിലക്കാരനായെത്തി. അടുത്ത ഗ്രാമമായ മലമച്ചനഹള്ളിയിലെ ദമ്പതികൾക്ക് കുഞ്ഞിനെ കൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കിയത് ഇയാളാണ്. തുടർന്ന് ഒരുലക്ഷം രൂപ വാങ്ങി അൻപത് വയസിന് മുകളിലുള്ള ഈ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറി. പണം ലഭിച്ച ഇയാൾ വൻതോതിൽ ചിലവഴിക്കാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾക്ക് സംശയം ജനിച്ചത്. കുഞ്ഞിനെയും കാണാനില്ലെന്ന് വൈകാതെ ഇവർ തിരിച്ചറിഞ്ഞു.ഇവരാണ് അധികൃതരെ വിവരം അറിയിച്ചത്. അന്വേഷണത്തില്‍ വിവരങ്ങൾ സത്യമാണെന്ന് വ്യക്തമാവുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ എപ്പോഴാണ് കൈമാറിയതെന്ന് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല.
ഭർത്താവിന്‍റെ ഭീഷണി ഭയന്നാണ് കുഞ്ഞിനെ വിൽക്കാൻ സമ്മതിച്ചതെന്നാണ് അമ്മ നൽകിയ മൊഴി. അതേസമയം അധികൃതർ മടക്കി കൊണ്ടുവന്ന് അഡോപ്ഷൻ സെന്‍ററിലാക്കിയ കുഞ്ഞിനെ തിരികെ നൽകണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ശിശുക്ഷേമ സമിതിയുമായുള്ള ചർച്ചകൾക്ക് ശേഷമാകും കുഞ്ഞിനെ തിരികെ നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക എന്നാണ് അധികൃതർ പറയുന്നത്.
Post Your Comments