Latest NewsKeralaNews

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: പിണറായിക്കും പി.എസ്.സിക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: കെ.സുരേന്ദ്രന്‍

കോഴിക്കോട്: പി.എസ്.സി നിയമനനിരോധനനത്തിന്റെ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോള്‍ഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പി.എസ്.സിയുടെ യുവജനവിരുദ്ധ നിലപാടിന്റെ ഇരയാണ് തിരുവനന്തപുരത്തെ അനുവെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതിയും മനുഷ്യത്വവിരുദ്ധനിലപാടുമായി മുന്നോട്ട് പോവുന്ന പി.എസി.സിയുടെ നയത്തിന്റെ രക്തസാക്ഷിയാണ് ഈ യുവാവ്.. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.സിയുടെ വിശ്വാസത തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. പി.എസ്.സിക്കെതിരെ ആര് വന്നാലും നേരിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. എതിര്‍ക്കുന്നവരെ റാങ്ക് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക,വിലക്കുക തുടങ്ങിയ ഫാസിസ്റ്റ് സമീപനമാണ് പിണറായി സ്വീകരിക്കുന്നത്. നിയമനനിരോധനത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കരിനിയമനം ഉണ്ടാക്കി ഇരുട്ടിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എക്‌സൈസ് ഓഫീസര്‍ തസ്തികയുടെ കാലാവധി നീട്ടാന്‍ പ്രതിപക്ഷകക്ഷികളും യുവാക്കളും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് കൊണ്ടാണ് അനുവിന് ജീവന്‍ നഷ്ടമായത്. കേരളത്തിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളുടേയും പ്രതീകമാണ് അനുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പത്താംക്ലാസ് പാസാവാത്ത സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭിക്കുന്ന സംസ്ഥാനത്താണ് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച യുവാവിന് ജോലി ഇല്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. പി.എസ്.സി പരീക്ഷ അട്ടിമറിച്ച, ആള്‍മാറാട്ടം നടത്തിയ, ഒഎംആര്‍ കോപ്പിയില്‍ പോലും ക്രമക്കേട് നടത്തിയ ഡി.വൈ.ഫ്.ഐ, എസ്.എഫ്‌ഐ ക്രിമനലുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയും പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണ്. എല്ലാ ഡിവൈ.എഫ്.ഐ നേതാക്കളുടേയും ഭാര്യമാര്‍ക്ക് അനധികൃതമായ മാര്‍ഗത്തില്‍ ജോലി ലഭിക്കുന്നതിനാല്‍ അവര്‍ക്ക് യുവാക്കളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സമയമില്ല. അനുവിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അതിന് കൂട്ടുനില്‍ക്കുകയാണ്. മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ കച്ചിതുരുമ്പിനായി ശ്രമിക്കുമ്പോള്‍ അവരെ കൈപിടിച്ചു കയറ്റാന്‍ എന്തിനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ആയുധങ്ങളെല്ലാം ഉണ്ടെങ്കിലും തലച്ചോറില്ലാത്ത പ്രതിപക്ഷം സി.പി.എമ്മിന്റെ താളത്തിന് തുള്ളുകയാണ്. ലാവ്‌ലിന്‍ കേസ് ഒതുക്കിയ പാപഭാരത്തില്‍ നിന്നും കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോണ്‍?ഗ്രസാണ് പിണറായിയെ സംരക്ഷിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അനില്‍ നമ്പ്യാരുടെ പേര് പറഞ്ഞ് കേസ് വഴിതിരിച്ച് വിടുന്ന മുഖ്യമന്ത്രി അനില്‍ നമ്പ്യാര്‍ കാണിച്ച മാന്യത കാണിക്കുന്നില്ല. വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. കോണ്‍സുലേറ്റില്‍ നിരങ്ങിയ എല്ലാവരും കുടുംങ്ങും. ചീഫ് സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട ഗൂഢസംഘമാണ് സംസ്ഥാനത്തെ കേസുകള്‍ അട്ടിമറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button