കൊച്ചി : . ഗെയിം കളിക്കുന്നത് വിലക്കിയതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ഏഴാംക്ലാസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചിയില്‍ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബം കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായി മാറിയതോടെയാണ് ഏഴാംക്ലാസുകാരനായ മകന് മൊബൈല്‍ഫോണ്‍ നല്‍കിയത്.
പഠനത്തിന്റെ ഇടവേളകളില്‍ ചെറുഗെയിമുകള്‍ കളിച്ചുതുടങ്ങി. ഇത് ക്രമേണ പബ്ജി ഉൾപ്പെടെയുള്ള കലിയിലേക്കും ഒപ്പം കളിയുടെ ദൈര്‍ഘ്യവും കൂടി. മാതാപിതാക്കള്‍ ഉറങ്ങുന്ന അര്‍ദ്ധരാത്രിയില്‍ വിദ്യാര്‍ത്ഥി ഉണര്‍ന്നിരുന്ന് അപരിചിതരോടൊപ്പം ഇടതടവില്ലാതെ ഗെയിം കളി തുടര്‍ന്നു കൊണ്ടേയിരുന്നു. ഗെയിമില്‍ താല്‍പ്പര്യം കൂടിയതോടെ പിതാവ് പഠനം കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ക്ഷുഭിതനായ കുട്ടി ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചു അമ്മ തടഞ്ഞതോടെ സ്വന്തം ശരീരത്ത് മുറിവേല്‍പ്പിച്ചായിരുന്നു ആത്മഹത്യാശ്രമം.
ഇത്തരത്തിൽ നിരവധി കേസുകളാണ് ഓരോദിനവും എത്തിക്കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ പറയുന്നു. മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുമൊക്കെയായി പഠനം ആരംഭിക്കുന്ന കുട്ടികളില്‍ പലരും ക്രമേണ വഴിതിരിഞ്ഞുപോകുന്നതായി ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് അധ്യയനമെങ്കിലും നോട്ടുകള്‍ക്കും സംശയനിവാരണത്തിനുമൊക്കെ മൊബൈലുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഗ്രൂപ്പ് മീറ്റിംഗ് ആപ്പുകള്‍ വഴിയാണ് അധ്യയനം. ഇവയും ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post Your Comments