ഇന്നത്തെ തലമുറയ്ക്ക് ഏറെക്കൂറെ അന്യമായ നിരവധി ഓണക്കാലവിനോദങ്ങളുണ്ട്. അത്തരത്തിലൊരു വിനോദമാണ് ആട്ടക്കളംകുത്തല്‍. പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നായിരുന്നു ആട്ടക്കളം കുത്തല്‍. തൃശ്ശൂര്‍-പാലക്കാട് ജില്ലകളില്‍ പണ്ട് ഓണക്കാലത്ത് കളിച്ചിരുന്ന ഒരു കളിയാണിത്. പുരുഷന്മാര്‍ സംഘം ചേര്‍ന്ന് കളിച്ചിരുന്ന കളി. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണ് ആട്ടക്കളം കുത്തല്‍.
മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തില്‍ ഒരു വൃത്തം വരക്കുന്നു. രണ്ട് തുല്യ എണ്ണത്തിലുള്ള സംഘം വട്ടത്തില്‍ നിരക്കുന്നു. വൃത്തത്തിനകത്ത് ഒരു സംഘവും പുറത്ത് ഒരു സംഘവും. കളി നിയന്ത്രിക്കാന്‍ ഒരാള്‍ ഉണ്ടാകും. അയാള്‍ കളിയുടെ നിയമങ്ങള്‍ക്കനുസരിച്ച് ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നു. പുറത്തു നില്‍ക്കുന്നവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊടുകയോ ആളെ തൊടുകയോ ചെയ്താല്‍ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാന്‍ പാടില്ലതാനും.
ഒരാളേ പുറത്ത് കടത്തിയാല്‍ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ലാവരേയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങള്‍ ഉണ്ട്. ഇതിന്റെ പല വകഭേദങ്ങള്‍ പല പേരുകളില്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ടായിരുന്നു.
Post Your Comments