KeralaLatest NewsNews

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപ അനുവദിച്ചു.ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്സ്ഗ്രേഷ്യ ധനസഹായത്തിനായി പണം അനുവദിച്ചു. 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോഗ്രാം അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ചു.അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം നല്‍കും.മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡുമായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button