ജമ്മു കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജില്ലയിലെ കിലൂര പ്രദേശത്ത് ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു. ഷക്കൂര്‍ പരേ അല്‍ ബദര്‍, അല്‍ ബദര്‍ ജില്ലാ കമാന്‍ഡറായ സുഹൈല്‍ ഭട്ട്, എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് ഐ.ജി.പി കശ്മീര്‍ സ്ഥിരീകരിച്ചു.
കിലൂറ ഗ്രാമത്തിലെ ആപ്പിള്‍ തോട്ടങ്ങളിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുടെ സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഇന്ത്യന്‍ സേന തിരിച്ചടിക്കുകയും ചെയ്തു.
നേരത്തെ ജമ്മു കശ്മീര്‍ പോലീസ്, 44 ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘം കിലൂറയില്‍ ഒരു കോര്‍ഡണ്‍-സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ തീവ്രവാദികളുണ്ടോയെന്ന് സംയുക്ത സുരക്ഷാ സേന തിരയുകയാണ്. തെക്കന്‍ കശ്മീരില്‍ വിവിധ തീവ്രവാദ സംഘടനകളിലെ 26 തീവ്രവാദ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഈ വര്‍ഷം 150 ലധികം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
Post Your Comments