KeralaLatest NewsIndia

‘സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുന്നു’ – അനിൽ നമ്പ്യാർ

സഹപ്രവർത്തകരുടെ കൂരമ്പുകളേറ്റ് എൻ്റെപ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറൽ പോലും ഏറ്റിട്ടില്ല.

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ താൻ ജനം ടിവിയിൽ നിന്ന് മാറി നിൽക്കുന്നതായി അനിൽ നമ്പ്യാർ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നമ്പ്യാർ ഇത് അറിയിച്ചത്. പോസ്റ്റ് ഇങ്ങനെ,

കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുക യായിരുന്നു ഞാൻ. ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്. സഹപ്രവർത്തകരുടെ കൂരമ്പുകളേറ്റ് എൻ്റെപ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറൽ പോലും
ഏറ്റിട്ടില്ല.

നിങ്ങൾ വർദ്ധിത വീര്യത്തോടെ വ്യാജ വാർത്തകളുമായി പൊതുബോധത്തിൽ പ്രഹരമേൽപ്പിക്കുന്നത് തുടരുക.
ആത്യന്തിക സത്യം അധികകാലം ഒളിച്ചിരിക്കില്ല.
കെട്ടുകഥകൾക്ക് അൽപ്പായുസ്സേയുള്ളൂ.
എന്നെ മനസ്സിലാക്കിയവർക്ക്, എന്നെ
അടുത്തറിയുന്നവർക്ക് ഒരു പഠനക്ലാസ് അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല.
പക്ഷെ പുകമറക്കുള്ളിൽ നിന്ന് കള്ളക്കഥകളും കുപ്രചരണങ്ങളും മെനയുന്നവർ സത്യം പുറത്തു വരുന്ന കാലം അതിവിദൂരമല്ലെന്ന് തിരിച്ചറിയുക.

സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നിൽ ഹാജരായി ഇന്നലെ ഞാൻ മൊഴി കൊടുത്തു.
ക്യാമറകൾക്ക് മുന്നിലൂടെ ഒരു സാധാരണക്കാരനായി നടന്നുപോയാണ് അവരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട്
മറുപടി നൽകിയത്.
ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ ഇതിൽ ഒളിച്ചുവെക്കാനൊന്നുമില്ല.
ആരെയും സംരക്ഷിക്കാനുമില്ല.
പക്ഷെ ഒരു രാജ്യദ്രോഹിയായി എന്നെ ചിത്രീകരിച്ചു കൊണ്ട് ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി എൻ്റെ സഹപ്രവർത്തകർ കഴിഞ്ഞ വാർത്താദിവസം ആഘോഷിച്ചു.
കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല.
റേറ്റിങ്ങിനായുള്ള അഭ്യാസമെന്നതിലുപരിയായി ഈ ആട്ടക്കഥയെ ഞാൻ കാണുന്നുമില്ല.

ജൂലൈ അഞ്ചാം തീയ്യതിയിലെ ഫോൺ കോളിനെക്കുറിച്ച് വ്യക്തത വരുത്തുകയായിരുന്നു കസ്റ്റംസിൻ്റെ ഉദ്ദേശ്യം.
ഒരന്വേഷണ ഏജൻസി എന്ന നിലയിൽ
അവരുടെ ഉത്തരവാദിത്വം അവർ നിർവ്വഹിച്ചു.
എനിക്ക് പറയാനുള്ളത് ഞാൻ
പറഞ്ഞു.
അന്വേഷണത്തോട് പൂർണ്ണമായും
സഹകരിച്ചു.
കൃത്യസമയത്ത് തന്നെ ഞാൻ
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി.
ഞാൻ ഒളിച്ചോടിയില്ല.
നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഞാൻ ഭയക്കുന്നില്ല.
കഴിഞ്ഞ ഒരു വർഷത്തെ കോൾ ഡീറ്റയിൽസ്
റെക്കോഡ് പരിശോധിച്ചാൽ ഞാൻ ഈ സ്ത്രീയെ വിളിച്ചത് ഒരേ ഒരു തവണയാണ്.

ആ വിളി യുഎഇ കോൺസുലേറ്റിൻ്റെ വിശദീകരണം തേടാൻ മാത്രമായിരുന്നു.
കോൺസുൽ ജനറലിൻ്റെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിലും (അവർ സംസ്ഥാന സർക്കാർ സർവീസിൽ പ്രവേശിച്ച
കാര്യം എനിക്കറിയില്ലായിരുന്നു) എനിക്ക്
പരിചയമുള്ള ഒരു വ്യക്തിയെന്ന നിലയിലും
ഫോണിൽ വിളിച്ച് നിജസ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.
നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ച ഞാൻ തന്നെ അവരോട് അതല്ലെന്ന് പറയാൻ നിർദ്ദേശിച്ചെന്ന മൊഴിയുടെ സാംഗത്യവും
മനസ്സിലാകുന്നില്ല.

യുഎഇ കോൺസുലേറ്റിൻ്റെ വിശദീകരണം പ്രാധാന്യത്തോടെ രണ്ട് മണിയുടെ
വാർത്താ ബുള്ളറ്റിനിൽ കൊടുക്കുകയും ചെയ്തിരുന്നു.
സ്വപ്നയെ ഉപദേശിക്കുകയോ അവർക്ക് നിർദ്ദേശങ്ങൾ നൽകുകയോ എൻ്റെ ജോലിയല്ല.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പോലുള്ള ഒരു കൺസൾട്ടൻസി
കൈയിലുള്ളപ്പോൾ അവർ എന്നെപ്പോലുള്ള ഒരാളെ സമീപിക്കേണ്ട കാര്യവുമില്ല.
ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ.
ഞാൻ അവരെ വിളിക്കുമ്പോൾ അവർ സംശയത്തിൻ്റെ നിഴലിൽ പോലുമില്ലായിരുന്നു.
2018 ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ.

സ്വർണ്ണക്കടത്തിന് പിന്നിൽ ഇവരാണെന്നറിഞ്ഞിട്ടും ഒളിവിൽ കഴിയുന്ന
സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിലെത്തിയ കാര്യം എല്ലാവർക്കുമറിയാമല്ലോ.
പക്ഷെ ആര് എത്തിച്ചുവെന്ന് ആരും തിരക്കുന്നില്ല !
സ്വപ്നയുമായി ടെലിഫോണിൽ സംസാരിച്ച
മാധ്യമപ്രവർത്തകൻ ഞാൻ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ല !
അവരുമായി അടുപ്പമുള്ള മാധ്യമപ്രവർത്തകർ ആരൊക്കെയാണെന്ന് ആർക്കും അറിയേണ്ട !
അതായത് സ്വർണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്. ഞാൻ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം.

സ്വർണ്ണക്കടത്ത് കണ്ടെത്തിയ ജൂലൈ അഞ്ച്
മുതൽ ഇതു സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും സമഗ്രമായും വസ്തുനിഷ്ഠമായും ജനം ടിവി അവതരിപ്പിക്കുന്നുണ്ട്.
അത് തുടർന്നും ശക്തിയുക്തം മുന്നോട്ട് പോകണം.
ചാനലിലെ എൻ്റെ സാന്നിദ്ധ്യം വാർത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി ഞാൻ മനസ്സിലാക്കുന്നു.
അതിനാൽ ഈ വിഷയത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ
ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button