കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും ലോക്ഡൗണ്‍ കാലത്തെ അന്തരീക്ഷ വായുവിന്‍റെ ഗുണമേന്‍മ വിലയിരുത്തിയപ്പോള്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളെ അപേക്ഷിച്ച് മെയ് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് ഗുണമേന്‍മ മെച്ചമായിരുന്നു എന്ന് ആംബി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. എല്ലാ മാസങ്ങളിലും തിരുവനന്തപുരത്തെ അപേക്ഷിച്ച് കൊച്ചിയില്‍ വായുവിന്‍റെ ഗുണമേന്‍മ കൂടുതലായിരുന്നു എന്നും ആംബിയുടെ പഠനം വ്യക്തമാക്കുന്നു. കൃത്യമായതും ചെലവു കുറഞ്ഞതുമായ രീതിയില്‍ മലിനീകരണം നിരീക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലീന്‍ ടെക് സ്റ്റാര്‍ട്ട് അപ് ആണ് ആംബി.
വായുവിന്‍റെ ഗുണമേന്‍മ തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള സമഗ്രമായ സംവിധാനമാണ് ആംബി സൃഷ്ടിച്ചിട്ടുള്ളത്. പോസ്റ്റ് കോഡ് അടിസ്ഥാനത്തില്‍ ഇതു നിരീക്ഷിക്കുകയും ഏതാനും മിനിറ്റുകള്‍ കൂടുമ്പോള്‍ പുതുക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ആംബിയുടെ സംവിധാനങ്ങള്‍ ആഗോള തലത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ബില്യണ്‍ ഡോളര്‍ ഐടി സേവന കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ സ്ഥാപിച്ച സാങ്കേതികവിദ്യാ നിക്ഷേപകനും സംരംഭകനുമായ സാജന്‍ പിള്ള നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വെഞ്ചര്‍ കാപിറ്റല്‍ സ്ഥാപനമായ സീസണ്‍ ടു വെഞ്ചേഴ്സ് പിന്തുണയ്ക്കുന്ന സ്ഥാപനമാണ് ആംബി.
കൊച്ചിയിലേയും തിരുവനന്തപുരത്തേയും പ്രധാന കേന്ദ്രങ്ങളില്‍ 2020 ഫെബ്രുവരി മുതല്‍ ജൂലൈ വരെയാണ് പഠനം നടത്തിയത്. വായുവില്‍ ഉള്ള കണികകളുടേയും മറ്റു വാതകങ്ങളുടേയും അളവാണ് വായു ഗുണമേന്‍മാ സൂചികയില്‍ അളക്കുന്നത്. പൂജ്യം മുതല്‍ 500 വരെയായാണ് ഇത് സൂചിപ്പിക്കുക. ഇതിന്‍റെ അളവു കുറഞ്ഞിരിക്കും തോറും വായുവിന്‍റെ ഗുണമേന്‍മ വര്‍ധിക്കും.
നിരീക്ഷണ കാലയളവില്‍ കൊച്ചിയിലെ വായുവിന്‍റെ ഗുണമേന്‍മാ സൂചിക സ്ഥിരമായി താഴ്ന്ന നിലയിലാണ്. കൊച്ചിയിലെ അന്തരീക്ഷ വായുവിന്‍റെ ഗുണമേന്‍മ തിരുവനന്തപുരത്തെ അപേക്ഷിച്ച് ഉയര്‍ന്ന നിലയിലായിരുന്നു എന്നാണിതു കാണിക്കുന്നത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൊച്ചിയില്‍ 45 മുതല്‍ 50 വരെയുള്ള നിലയിലായിരുന്നു സൂചിക. തിരുവനന്തപരുത്ത് അത് 55 മുതല്‍ 65 വരെയായിരുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് കൊച്ചിയിലെ ശരാശരി 48.6 ആയിരുന്നെങ്കില്‍ തിരുവനന്തപുരത്ത് അത് 59.75 ആയിരുന്നു. ഫെബ്രുവരി-ഏപ്രില്‍ കാലത്ത് കൊച്ചിയിലെ അന്തരീക്ഷ വായു ഗുണമേന്‍മാ സൂചികയുടെ ശരാശരി 83.11 ആയിരുന്നെങ്കില്‍ തിരുവനന്തപുരത്ത് അത് 89.18 ആയിരുന്നു.
അന്തരീക്ഷ വായുവിന്‍റെ ഗുണമേന്‍മാ നിലവാരത്തിനു പുറമെ വായു ഗുണനിലവാര സൂചികയ്ക്കായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിഗണിക്കുന്ന നിരവധി ഘടകങ്ങളും ആംബി വിലയിരുത്തുന്നുണ്ട്. ആംബിയുടെ വിവിധ തലങ്ങളിലുള്ള പരിശോധനയും വിവിധങ്ങളായ സെന്‍സറുകളും വഴി കണികകളുടേയും ജൗവ ഘടകങ്ങളുടേയും താപത്തിന്‍റേയും ഈര്‍പ്പത്തിന്‍റേയും മറ്റു പരിസ്ഥിതി ഘടകങ്ങളുടേയും വിലയിരുത്തലും നടത്തുന്നുണ്ട്.
മധുസൂധനന്‍ ആനന്ദ്, അക്ഷയ് ജോഷി, ജയ്ദീപ് സിങ് ബച്ചാര്‍ എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച എന്‍വയോണ്‍മെന്‍റല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ട് അപാണ് ആംബി. വൈക്കംകാരനായ പ്രവാസി മലയാളിയാണ് അക്ഷയ് ജോഷി.
Post Your Comments