തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ച് വരുത്തണമെന്നും പ്രശ്നത്തിലിടപെടണമെന്നും രമേശ് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
സംഭവം നടന്ന ദിവസം തന്നെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷനേതാവ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ കൃത്യമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ കത്താണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. അതിനിടെ, സെക്രട്ടേറിയറ്റിലെ പേപ്പര്‍ ഫയലുകള്‍ എല്ലാം ഇ-ഫയല്‍ ആക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശം. എല്ലാം ഇ-ഫയല്‍ ആണെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ വാദം.
പേപ്പര്‍ ഫയലുകള്‍ സെക്രട്ടേറിയേറ്റില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.അതേസമയം, സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷിക്കുന്ന പോലിസ് സംഘം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളുടെയും പരിശോധന തുടങ്ങി. തീപ്പിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഫയല്‍ പരിശോധനാ നടപടികളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്.
Post Your Comments