![NEW ZEALAND MASSACARE ACCUES](/wp-content/uploads/2020/08/new-zealand-massacare-accues.jpg)
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ 51 പേരെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ കുറ്റവാളിക്ക് ശിക്ഷ വിധിച്ചു. പരോള്‍ ഇല്ലാതെ ആജീവനാന്തം തടവാണ് കുറ്റവാളി ബ്രന്‍റണ്‍ ടാറന്‍റിന് കോടതി വിധിച്ചത്. ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അത്യപൂര്‍വമായ വിധിയാണിത്. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
വെറുപ്പിന്‍റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ശിക്ഷ വിധിച്ച ജഡ്ജ് കാമറണ്‍ മാന്‍ഡെര്‍ പറഞ്ഞു. ഇത്തരം അക്രമങ്ങളെ നിഷേധിക്കുന്ന തരത്തില്‍ കോടതിക്ക് നടപടിയെടുക്കേണ്ടതുണ്ട്. കൊലപാതകത്തിലൂടെ ന്യൂസിലാന്‍ഡില്‍ വലതുപക്ഷ തീവ്രവാദം വളര്‍ത്താമെന്ന പ്രതിയുടെ ലക്ഷ്യം പരാജയപ്പെട്ടു. പക്ഷേ, ന്യൂസിലാന്‍ഡിലെ മുസ്ലിം സമൂഹത്തിന് വലിയ വില നല്‍കേണ്ടിവന്നു ജഡ്ജ് വ്യക്തമാക്കി.
2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. 29കാരനായ പ്രതി ബ്രന്‍റണ്‍ ടാറന്‍റ് ആസ്ട്രേലിയക്കാരനാണ്. ഫേസ്ബുക് ലൈവിലൂടെ തത്സമയ ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം നടത്തിയത്.
Post Your Comments