Latest NewsKeralaNews

ആരോഗ്യമേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ ആശുപത്രി സമുച്ചയം പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി ജില്ലയുടെ ആരോഗ്യമേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ ആശുപത്രി സമുച്ചയം പ്രവര്‍ത്തനമാരംഭിച്ചു. ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. 85 കോടി രൂപ നിര്‍മ്മാണാനുമതി ലഭിച്ച ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ബ്‌ളോക്കിലാണ് ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഡയാലിസിസ് യൂനിറ്റ്, ഐസിയു, ബ്‌ളഡ് സെന്റര്‍, കോവിഡ് ലേബര്‍ റൂം എന്നിവയുടെ ഉദ്ഘാടനവും കഴിഞ്ഞ മാസം നടന്നിരുന്നു.

300-ല്‍ അധികം ബെഡുകളുള്ള ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ബ്ലോക്കില്‍ 80-ല്‍ അധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഈ സമുച്ചയത്തില്‍ ഒപി വിഭാഗത്തിനു പുറമേ മൂന്നാം നിലയില്‍ സെന്‍ട്രല്‍ ലബോറട്ടറി സോണ്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനിക സംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ലാബ്) എന്നിവ അവിടെ സജ്ജമാവുകയും ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി വൈറോളജി ടെസ്റ്റിംഗ് സെന്ററായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 82 ലക്ഷം രൂപയാണ് ആര്‍ടിപിസിആര്‍ ലാബ് സ്ഥാപിക്കുന്നതിനായി ചിലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ഇബിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള 10 കോടി രൂപ റേഡിയോളജി ഉപകരണങ്ങള്‍, ഐസിയു നവീകരണത്തിനുള്ള ഉപകരണങ്ങള്‍, പീഡിയാട്രിക് ഐസിയു, ഡയാലിസിസ് യൂനിറ്റ് തുടങ്ങി ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അവശ്യമായ നിരവധി കാര്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നും ആശുപത്രി സമുച്ചയത്തിലേയ്ക്കുള്ള റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയതായും പിണറായി വിജയന്‍ വ്യക്തമാക്കി.

ജില്ലാ ആശുപത്രിയുടെ പരിമിതമായ സൗകര്യത്തോടെയാണ് ഇതുവരെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ ആശുപത്രി സമുച്ചയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ രോഗികളെ മറ്റു ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും സമുച്ചയത്തിന്റെ രണ്ടാം ബ്‌ളോക്കിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 120 കോടി രൂപ ഭരണാനുമതി നല്‍കിയ റെസിഡന്‍ഷ്യല്‍ കോമ്പ്‌ളക്‌സിന്റെ നിര്‍മ്മാണവും, ഗേള്‍സ്/ബോയ്‌സ് ഹോസ്റ്റലുകള്‍, നോണ്‍ ടീച്ചിംഗ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കിയിരുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട ഈ സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തുവെന്നും ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം എത്രയും പെട്ടെന്ന് വീണ്ടെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button