പ്രായമായ സ്ത്രീകളില്‍ ഹൃദയാഘാതം, പക്ഷാഘാതം മുതലായ, രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ ക്രൂസിഫെറസ് പച്ചക്കറികളും കാബേജ്, ബ്രൊക്കോളി എന്നിവയും ധാരാളമായി ഉപയോഗിക്കുന്നതു മൂലം കഴിയുമെന്ന് ഗവേഷകര്‍.
ധമനികളെയും ഞരമ്പുകളെയും ബാധിക്കുന്നതാണ് രക്തക്കുഴല്‍ രോഗം അഥവാ ബ്ലഡ് വെസ്സല്‍ ഡിസീസ്. ഇത് ശരീരമാകെ രക്തചംക്രമണം കുറയ്ക്കും. അയോര്‍ട്ട പോലുള്ള രക്തക്കുഴലുകളുടെ ആന്തരിക ഭിത്തികളില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞു കൂടുന്നതു മൂലമാണ് രക്തപ്രവാഹം കുറയുന്നത്. ഈ കാല്‍സ്യം, കൊഴുപ്പ് നിക്ഷേപങ്ങളാണ് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ കാരണമാകുന്നത്.
മുന്‍ പഠനങ്ങളില്‍, ക്രൂസിഫെറസ് പച്ചക്കറികളുടെ ഉപയോഗം ഹൃദയാഘാതമോ പക്ഷാഘാതമോ വരാനുള്ള സാധ്യത കുറയ്ക്കും എന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണെന്ന് വ്യക്തമായിരുന്നില്ലെന്ന് ഗവേഷകയായ ലോറന്‍ ബ്ലക്കന്‍ഹോഴ്സ്റ്റ് പറയുന്നു. പുതിയ പഠനം ഈ കാരണം വെളിവാക്കുന്നു.
ഓസ്‌ട്രേലിയയിലെ പ്രായം കൂടിയ 684 സ്ത്രീകളുടെ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പഠന സംഘം ഉപയോഗിച്ചു .
അയോര്‍ട്ടയില്‍ കാല്‍സ്യം അടിഞ്ഞു കൂടാനുള്ള സാധ്യത കുറയ്ക്കാന്‍ ക്രൂസിഫെറസ് പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണരീതി സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ദിവസവും ഇത്തരം പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്ന പ്രായമായ സ്ത്രീകളുടെ അയോര്‍ട്ടയില്‍ കാല്‍സ്യം അടിഞ്ഞു കൂടാനുള്ള സാധ്യത കുറവാണ്. ക്രൂസിഫെറസ് പച്ചക്കറികളില്‍ ധാരാളമായി വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇതാകാം രക്തക്കുഴലുകളില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നതിനെ തടയുന്നത്.
ഈ പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ ദിവസവും 45 ഗ്രാമിലധികം ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിക്കുന്നവരില്‍ അയോര്‍ട്ടയില്‍ കാല്‍സ്യം അടിഞ്ഞു കൂടാനുള്ള സാധ്യത 46 ശതമാനം കുറവാണ്.
ബ്രൊക്കോളി , കാബേജ് മുതലായ പച്ചക്കറികള്‍ മാത്രം കഴിച്ചാല്‍ പോരാ. ദിവസവും ആരോഗ്യത്തിനും സൗഖ്യത്തിനുമായി വ്യത്യസ്തതരം പച്ചക്കറികള്‍ കഴിക്കണമെന്നും ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
.
Post Your Comments